പ്രവേശനത്തിൻ്റെ തോതല്ല, അപേക്ഷകരുടെ എണ്ണമാണ് പരിഗണിക്കേണ്ടത്; പ്ലസ് വണ്‍ സീറ്റ് ക്ഷാമം സഭയില്‍

പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ് ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

Update: 2021-10-04 05:03 GMT
Advertising

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം സഭയില്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ് ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പ്ലസ് വണ്‍ സീറ്റുകള്‍ക്കായി പുതിയ ബാച്ചുകൾ അനുവദിക്കാത്തതാണ് വിദ്യാഭ്യാസ രംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാർക്ക് ഇടതുപക്ഷ സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പില്‍ പറഞ്ഞു.

പണം കൊടുത്ത് പഠിക്കാൻ ശേഷിയില്ലത്തവർ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നായിരുന്നു സഭയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ വിമര്‍ശനം.

സീറ്റുകൾ റീ അറേഞ്ച് ചെയ്യണം എന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണ്. ഇനിയെങ്കിലും ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റ് നൽകണം. പ്രവേശനത്തിൻ്റെ തോതല്ല പരിഗണിക്കേണ്ടത്. ആകെയുള്ള അപേക്ഷകരുടെ എണ്ണമാണ് എടുക്കേണ്ടത്. മൊത്തം കണക്കുകൾ എടുത്താൽ നീതികേടിന്‍റെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാനാവും. പാലക്കാട് മാത്രം ആയിരത്തോളം സീറ്റിന്‍റെ കുറവാണുള്ളത്. വിജയശതമാനം കൂടുതലുള്ള മലപ്പുറം പോലെയുള്ള ജില്ലകളില്‍ മികച്ച വിജയം നേടിയിട്ടും വിദ്യാര്‍ഥികള്‍ക്ക് ഇഷ്ട വിഷയം കിട്ടുന്നില്ല. ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം പ്ലസ് വണ്‍ സീറ്റുകളില്‍ അധിക ബാച്ച് അനുവദിക്കില്ലെന്ന നിലപാട് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി സഭയില്‍ ആവര്‍ത്തിച്ചു. സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം അതിന് അനുവദിക്കില്ലെന്നും രണ്ടാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞ ശേഷം സർക്കാർ സ്ഥിതി വിലയിരുത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News