'ഷാഫിയെ തട്ടിക്കൊണ്ടുപോയത് കർണാടക ബന്ധമുള്ള ക്വട്ടേഷൻ സംഘം': അറസ്റ്റിലായവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ്
'അന്വേഷണം ശരിയായ ദിശയിലായപ്പോഴാണ് ഷാഫിയെ വിട്ടയച്ചത്'
കോഴിക്കോട്: പ്രവാസി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയത് കർണാടക ബന്ധമുള്ള ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. അറസ്റ്റിലായ നാലുപേർക്കും തട്ടിക്കൊണ്ടുപോകലിൽ വ്യക്തമായ പങ്കുണ്ട്. മൈസൂരിലാണ് ക്വട്ടേഷൻ സംഘം ഷാഫിയെ വിട്ടയച്ചത്. അന്വേഷണം ശരിയായ ദിശയിലായപ്പോഴാണ് ഷാഫിയെ വിട്ടയച്ചത്. സ്വർണക്കടത്ത് ബന്ധത്തെ കുറിച്ച് അന്വേഷിക്കുമെന്നും കണ്ണൂർ റേഞ്ച് ഡിഐജി വിമലാത്യ പറഞ്ഞു.
ഇന്ന് രാവിലെയാണ് ഷാഫി മൈസൂരിൽ ഉള്ളതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിക്കുന്നത്. തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ മൈസൂരിലേക്കുള്ള ബസ്സിൽ കയറ്റിവിടുകയായിരുന്നു. മൈസൂരുവിലെത്തിയ കുടുംബാംഗങ്ങൾ ഷാഫിയെ തിരികെ നാട്ടിലെത്തിച്ചു. താമരശ്ശേരിയിൽ എത്തിച്ച ഷാഫിയെ കൊയിലാണ്ടിയിൽ വച്ച് അന്വേഷനസംഘം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് വടകര റൂറൽ എസ്പി ഓഫീസിൽ എത്തിച്ചു.
രണ്ടര മണിക്കൂർ നീണ്ട വിശദമായ മൊഴിയെടുപ്പിന് ശേഷം ഷാഫിയുമായി അന്വേഷണസംഘം തിരികെ താമരശ്ശേരിയിലേക്ക് തിരിച്ചു. ഷാഫിയുടെ കുടുംബം നൽകിയ മാൻ മിസ്സിംഗ് കേസ് നിലനിൽക്കുന്നതിനാൽ ഷാഫിയെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കോടതി നടപടികൾക്ക് ശേഷം ആകും ബന്ധുക്കൾക്കൊപ്പം പോകാൻ അനുവദിക്കുക.
ഈ മാസം ഏഴാം തീയതിയാണ് ഒരു സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഷാഫിയെ തട്ടിക്കൊണ്ടു പോയത്. പത്തുദിവസം നീണ്ട നാടകീയതകൾ കൊടുവിലാണ് മുഹമ്മദ് ഷാഫി തിരികെ താമരശ്ശേരിയിൽ എത്തിയിരിക്കുന്നത്. ഷാഫിയുടെതായി പുറത്തുവന്ന വീഡിയോ സന്ദേശങ്ങളുടെ വസ്തുയും തട്ടിക്കൊണ്ടു പോകലിന് പിന്നിലെ ദുരൂഹതയും അന്വേഷണസംഘം പരിശോധിക്കുകയാണ്.