ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ഷാജ് കിരണും ഇബ്രാഹിമും ഇന്ന് നാട്ടിലെത്തും

'ദൃശ്യങ്ങൾ കിട്ടിയ ശേഷം അന്വേഷണ സംഘത്തിന് നൽകും'

Update: 2022-06-13 04:52 GMT
Advertising

കൊച്ചി: ഒളിവിൽ പോയ ഷാജ് കിരണും ഇബ്രാഹിമും ഇന്ന് നാട്ടിൽ തിരിച്ചെത്തും. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഫോൺ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഹൊസൂരിലെ സുഹൃത്തിന്റെ കൈയ്യിലാണ് ഫോണെന്നും താനും ഷാജ് കിരണും ഉടൻ നാട്ടിലെത്തുമെന്നും ഇബ്രാഹിം മീഡിയമണിനോട് പറഞ്ഞു. ദൃശ്യങ്ങൾ കിട്ടിയ ശേഷം അന്വേഷണ സംഘത്തിന് നൽകും. ഹാജരാകാൻ അന്വേഷണ സംഘം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇബ്രാഹിം പറഞ്ഞു.

അതേസമയം ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യപേക്ഷ നൽകിയിരിക്കുന്നത്. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതിൻറെ വീഡിയോ തൻറെ കയ്യിലുണ്ടെന്നും അത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും ഇബ്രാഹിം മീഡിയ വണിനോട് പറഞ്ഞിരുന്നു.

ഷാജ് കിരണുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും നിവൃത്തിയില്ലാതെയാണ് ഷാജിൻറെ സംഭാഷണം റെക്കോർഡ് ചെയ്തതെന്നും ശബ്ദരേഖ പുറത്തുവിടുന്നതിനുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ സ്വപ്ന പറഞ്ഞിരുന്നു. ഷാജ് കിരൺ ഭീഷണിപ്പെടുത്തയതായും സ്വപ്ന ആരോപിച്ചു. അതേസമയം അഭിഭാഷകനും, എച്ച്.ആർ.ഡി.എസും പറഞ്ഞത് പ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്ന് ഷാജ് കിരൺ മീഡിയാവൺ സ്പെഷ്യൽ എഡിഷനിൽ പറഞ്ഞിരുന്നു.

ഷാജ് കിരൺ എന്നയാൾ പാലക്കാടെത്തി തന്നെ കണ്ട് രഹസ്യമൊഴി പിൻവലിക്കാൻ ശ്രമിച്ചുവെന്നായിരുന്നു സ്വപ്ന ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. ആർ.എസ്.എസിൻറെയും ബി.ജെ.പിയുടെയും സമ്മർദം കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് വീഡിയോയിൽ ചിത്രീകരിച്ച് നൽകണമെന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞിരുന്നു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News