ഷാജഹാൻ വധക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
എട്ടുപേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു
പാലക്കാട്: സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. നാല് സി.ഐമാരടക്കം 20 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഷാജഹാന്റെ വധത്തിനു പിന്നിൽ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ആരോപിച്ചു. ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. എട്ടുപേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഷാജഹാന്റെ മരണം അമിതമായി രക്തംവാർന്നത് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷാജഹാന്റെ കൈയിലും കാലിലും അഞ്ച് മുറിവുകളുണ്ടായിരുന്നു. കൈയും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഇന്നലെ രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമി സംഘം ഷാജഹാന്റെ കാലിനാണ് ആദ്യം വെട്ടിയതെന്ന് ദൃക്സാക്ഷി സുരേഷ് പറഞ്ഞു. തന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്നും സുരേഷ് മീഡിയവണിനോട് പറഞ്ഞു.
അക്രമി സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നുവെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു. 10 ദിവസം മുൻപ് ആയുധങ്ങളുമായി അക്രമികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്ന് സി.പി.എം ജില്ലാ നേതൃത്വം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.