ഷാജഹാൻ വധക്കേസ്:നിർണായക തെളിവായ മൊബൈൽ ഫോണുകൾ കണ്ടെടുത്തു
കഴിഞ്ഞ ദിവസം കേസിൽ നാല് പേർകൂടി അറസ്റ്റിലായിരുന്നു
മലമ്പുഴ: പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക തെളിവായ മൊബൈൽ ഫോണുകൾ കണ്ടെടുത്തു. പ്രതി ജിനേഷുമായി മലമ്പുഴയിൽ നടത്തിയ തെളിവെടുപ്പിലാണ് ഫോണുകൾ കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം കേസിൽ നാല് പേർകൂടി അറസ്റ്റിലായിരുന്നു. സിദ്ധാത്ഥൻ, ആവാസ് , ജിനേഷ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കൽ , ഗൂഢാലോചന, കൊലപാതകികൾക്ക് ആയുധം എത്തിച്ച് നൽകൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ആവാസിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരുന്നു.
ഇവരെ കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എട്ട് പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരിൽ നവീൻ, അനീഷ്, ശബരീഷ് , സുജീഷ് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ശബരീഷ് , അനീഷ് , സുജീഷ് എന്നിവർ ചേർന്നാണ് ഷാജഹാനെ വെട്ടിയത്. 2019 മുതൽ പ്രതികൾ സി.പി.എമ്മുമായി അകൽച്ചയിലാണ്.
ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതോടെ പ്രതികൾക്ക് ഷാജഹാനോടുള്ള വൈരാഗ്യം വർധിച്ചു. പ്രതികൾ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതും ഗണേശോത്സവം, ശ്രീകൃഷ്ണ ജയന്തി എന്നിവയുടെ ഫ്ലക്സ് വെക്കുന്നതുമായ തർക്കവുമാണ് കൊലപാതകത്തിന് കാരണമായത്. പല പ്രതികൾക്കും ഷാജഹാനോട് വ്യക്തി വിരോധവും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് പ്രതികൾ ചന്ദ്രനഗറിലെ ബാറിലെത്തി മദ്യപിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.