രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്ന ഗവർണർ സംസ്ഥാനത്തിന് അപമാനം: എം.വി ഗോവിന്ദൻ

''വാർത്താസമ്മേളനത്തിൽനിന്ന് ചില ചാനലുകളെ വിലക്കിയത് ഫാസിസ്റ്റ് രീതിയാണ്. സ്വേച്ഛാധിപത്യ രീതിയാണിത്. പത്രസമ്മേളനത്തിൽ ഇഷ്ടമുള്ളവർ പങ്കെടുത്താൽ മതിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?''

Update: 2022-10-25 13:36 GMT
Advertising

തിരുവനന്തപുരം: രാജാവിന്റെ അധികാരമുണ്ടെന്ന് കരുതി ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ സംസ്ഥാനത്തിന് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമംമൂലമാണ് വൈസ് ചാൻസലറെ നിയമിക്കുന്നത്. അതുപോലെയാണ് ചാൻസലറെയും നിയമിച്ചത്. നിയമം മാറ്റിയാൽ ചാൻസലർ ഇല്ല. താൻ ചെയ്യുന്നത് ശരി മറ്റേത് തെറ്റ് എന്ന ശൈലി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവർണർക്കെതിരായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്താസമ്മേളനത്തിൽനിന്ന് ചില ചാനലുകളെ വിലക്കിയത് ഫാസിസ്റ്റ് രീതിയാണ്. സ്വേച്ഛാധിപത്യ രീതിയാണിത്. പത്രസമ്മേളനത്തിൽ ഇഷ്ടമുള്ളവർ പങ്കെടുത്താൽ മതിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഗവർണർ ചെയ്യുന്നത് ആർഎസ്എസിന് വേണ്ടിയുള്ള കുഴലൂത്താണ്. കേരളത്തിലെ വൈസ് ചാൻസലർമാർ കഴിവുള്ളവരാണ്, അവരെ മാറ്റി ആർഎസ്എസുകാരെ വൈസ് ചാൻസലർ പദവിയിൽ നിയമിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണറുടെ നീക്കം മനസ്സിലാക്കിയാണ് എൽഡിഎഫിന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ശ്രമമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സേവ് യൂണിവേഴ്‌സിറ്റി ഫോറം എന്ന പേരിൽ ഒരു കടലാസ് സംഘടനയുണ്ട്. അതിന്റെ കണ്ണിയാണ് പ്രതിപക്ഷനേതാവ്. ഗവർണറുടെ നിലപാട് പിന്താങ്ങിയതോടെ പ്രതിപക്ഷനേതാവ് വർഗീയതയെയാണ് പിന്തുണക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News