ഒരമ്മയല്ലേ ഞാന്‍? എന്‍റെ മോനെ തിരിച്ചുതരുവോ?' പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കൊല്ലപ്പെട്ട ഷാനിന്‍റെ അമ്മ

മകനെ നഷ്ടപ്പെട്ട അമ്മ നെഞ്ചുപൊട്ടി കരയുകയാണ്

Update: 2022-01-17 06:50 GMT
Advertising

ഇന്നലെ രാത്രി തന്നെ മകനെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്‍റെ അമ്മ. 'ഒരമ്മയല്ലേ ഞാന്‍? എന്‍റെ മോനെ തിരിച്ചുതരുവോ?' എന്ന് ചോദിച്ച് ആ അമ്മ ആര്‍ത്തലച്ചു കരയുകയാണ്.

"എന്ത് കുറ്റമാ എന്‍റെ കുഞ്ഞ് ചെയ്തത് അവനോട്? ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്‍റെ പൊന്നുമോന്‍. കൂട്ടുകാരുടെ കൂടെ കളിച്ചിട്ട് നടന്നുവന്ന എന്‍റെ കുഞ്ഞിനെ ഇന്നലെ രാത്രി അവന്‍ പിടിച്ചുകൊണ്ടുപോയി. കൂടെയുണ്ടായിരുന്നവര്‍ ഓടിപ്പോയി. എന്‍റെ കുഞ്ഞിന്‍റെ കാല് മുറിഞ്ഞിരുന്നതുകൊണ്ട് അവന് ഓടാന്‍ പറ്റിയില്ല. എന്‍റെ കുഞ്ഞിനെ കയറ്റിക്കൊണ്ടുപോയിട്ട് ജഡം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കൊടുത്തിരിക്കുന്നു. പൊലീസുകാര്‍ എന്തുനോക്കിനില്‍ക്കുവായിരുന്നു? ഞാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിപ്പെട്ടതാ. എന്‍റെ മോനെ കണ്ടില്ല, ജോമോന്‍ എന്ന ഒരുത്തന്‍ ഓട്ടോയില് കൊണ്ടുപോയെന്ന്. അവര് നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. ചേച്ചി ധൈര്യമായിട്ടിരിക്ക് നേരം വെളുക്കുമ്പോ മോനെ കൊണ്ടുതരുമെന്ന് പറഞ്ഞു. എന്നിട്ട് എന്‍റെ മോന്‍റെ ജഡമാ ഞാന്‍ കണ്ടത്. ഗവണ്‍മെന്‍റ് എന്തിനാ ഈ കാലന്മാരെ വെറുതെ വിടുന്നെ? എത്രയോ പേരെ അവന്‍ കൊന്നിരിക്കുന്നു? ഒരമ്മയല്ലേ ഞാന്‍? എന്നോടെന്തിന് ചെയ്തു? ഞങ്ങളാരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ. എന്‍റെ മോനെ തിരിച്ചുതരുവോ?"- മകനെ നഷ്ടപ്പെട്ട അമ്മ നെഞ്ചുപൊട്ടി ചോദിച്ചതാണിങ്ങനെ.

19കാരനെ തല്ലിക്കൊന്ന് മൃതദേഹം സ്റ്റേഷന് മുന്നിലിട്ടു

യുവാവിനെ തല്ലിക്കൊന്ന് കൊലയാളി തന്നെ മൃതദേഹം പൊലീസ് സ്‌റ്റേഷന് മുന്നിലിട്ട ഞെട്ടിക്കുന്ന സംഭവം കേട്ടാണ് ഇന്ന് കോട്ടയം നഗരം ഉണര്‍ന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മൃതദേഹം തോളിലേറ്റി ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്. താനൊരാളെ കൊന്നുവെന്ന് പൊലീസുകാരോട് വിളിച്ചുപറഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവേ ജോമോനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കൊല്ലപ്പെട്ടത് 19കാരനായ ഷാന്‍ ബാബുവാണ്. കോട്ടയം വിമലഗിരി സ്വദേശിയാണ് ഷാന്‍. ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് ഷാനിനെ കൊലപ്പെടുത്തുകയായിരുന്നു.

ജില്ലയിൽ അധികാരം സ്ഥാപിക്കാനാണ് കൊല നടത്തിയതെന്ന് പ്രതി ജോമോന്‍ പൊലീസിനോട് പറഞ്ഞു. എതിർ ഗുണ്ടാ സംഘത്തിലുള്ളവരുടെ താവളം കണ്ടെത്താനാണ് ആക്രമിച്ചതെന്നും പ്രതി മൊഴി നല്‍കി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News