ഷാരോൺ രാജിന്റെ കൊലപാതകം; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്
ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ അപൂർവമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മൊഴികളിലെ വൈരുദ്ധ്യമാണ് ഷാരോണിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മ ആർ നായരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ മറ്റ് പ്രതികളില്ലെന്നാണ് നിലവിലെ അന്വേഷണത്തിൽ നിന്ന് പോലീസ് അറിയിച്ചത്. പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ അടുത്ത നീക്കം.
ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ അപൂർവമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഗ്രീഷ്മയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. കൊലപാതകം തെളിയും മുമ്പ് ഗ്രീഷ്മയോടൊപ്പമുണ്ടായിരുന്ന രാമവർമൻചിറയിലെ നാട്ടുകാരും എതിരായതോടെ ഉടനടി പ്രതിയെ എത്തിച്ചുള്ള തെളിവെടുപ്പുണ്ടാകാനിടയില്ല.
ഷാരോണിനെ കൊല്ലാനായി കഷായത്തിൽ കലർത്തി നൽകിയ വിഷത്തിന്റെ സാമ്പിൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. താനൊറ്റക്കാണ് കൃത്യം നടത്തിയതെന്നാണ് ഗ്രീഷ്മ സമ്മതിച്ചത്. എന്നാലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് പോലീസ് തള്ളിക്കളയുന്നില്ല. ആ നിലക്കുള്ള അന്വേഷണവും തുടരും. മാതാപിതാക്കളെ നിലവിൽ പ്രതി ചേർത്തിട്ടില്ല. ഇവർക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. വേണ്ടി വന്നാൽ ഗ്രീഷ്മയുടെ മാതാപിതാക്കളെ വീണ്ടും ചോദ്യംചെയ്യാനിടയുണ്ട്.