മരണ മൊഴിയിൽ പോലും ഗ്രീഷ്മയെ ഒറ്റുകൊടുത്തില്ല; കണ്ണു നനയ്ക്കുന്ന ഷാരോൺ വധം

''പച്ചക്കളറിലായിരുന്നു ശർദ്ദിച്ചത്. ഇതെന്താണെന്ന് ചോദിച്ചപ്പോൾ അവൾ ഒരു കഷായം തന്നു എന്നാണ് അവൻ പറഞ്ഞത്. വീണ്ടും ശർദ്ദിച്ചു. എന്തിനാണ് കഷായം തന്നത് എന്ന് ചോദിച്ചപ്പോൾ എനിക്കിപ്പോ വയ്യ എന്നായിരുന്നു മറുപടി''

Update: 2022-10-30 15:50 GMT
Editor : afsal137 | By : Web Desk
Advertising

പെൺ സുഹൃത്തായ ഗ്രീഷ്മയാണ് കഷായത്തിൽ വിഷം കലർത്തിയതെന്ന് മനസ്സിലാക്കിയിരുന്നെങ്കിലും അവളെ ഒറ്റുകൊടുക്കാൻ ഷാരോൺ തയ്യാറായിരുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഷാരോൺ ഗ്രീഷ്മയെ അന്തമായി വിശ്വസിച്ചിരുന്നു. നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഷാരോണിനെ വിഷം നൽകി കൊന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തി. അതേസമയം ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടാണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബി.എസ്.സി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷാരോൺ. ഒരു ബസ് യാത്രക്കിടെയാണ് നാട്ടുകാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പരിചയം വളർന്ന് സൗഹൃദമായി. പിന്നീടത് പ്രണയമായി പടർന്നു പന്തലിച്ചു. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് ഷാരോണിന്റെ മാതാപിതാക്കൾ പറയുന്നത്. എന്നാൽ ഷാരോണുമായുള്ള ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തു. അവനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഗ്രീഷ്മയുടെ മാതാപിതാക്കളുടെ ഭീഷണി. ഷാരോൺ അന്യമതസ്ഥനായിരുന്നുവെന്നതാണ് എതിർപ്പിന് കാരണം.

ഇതിനിടയിൽ മറ്റൊരാളുമായുള്ള വിവാഹം ഏതാണ്ട് ഉറപ്പിച്ചതോടെ ഷാരോണും ബന്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ പിന്നീട് വീട്ടുകാരറിയാതെ ഇരുവരും ബന്ധം തുടർന്നു. വാട്‌സ്ആപ്പ് വഴി സന്ദേശങ്ങളും കൈമാറിയിരുന്നു. ഷാരോണും പെൺകുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും തങ്ങളുടെ വീട്ടിൽ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ സഹോദരൻ ഷിമോൻ രാജും മാതാവും വെളിപ്പെടുത്തി. ശേഷം എല്ലാ ദിവസവും നെറ്റിയിൽ കുങ്കുമം ചാർത്തിയുള്ള ഫോട്ടോ പെൺകുട്ടി ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നു.

മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പെൺകുട്ടി പറഞ്ഞിട്ടാണ് ബന്ധം തുടർന്നതെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ വാദം. നവംബറിന് ശേഷം ഷാരോണിനോടൊപ്പം ഗ്രീഷ്മ ഇറങ്ങി വരാമെന്നായി. എന്നാൽ വിവാഹം കഴിക്കാൻ നവംബർ വരെ കാത്തിരിക്കേണ്ടെന്ന് ഷാരോൺ പറഞ്ഞു. നവംബറിന് മുന്നേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജോത്സ്യൻ പറഞ്ഞിരുന്നുവെന്ന വിവരം ഗ്രീഷ്മ ഷാരോണിനോട് പങ്കുവെച്ചു. പെൺകുട്ടി പറഞ്ഞ ഈ കാര്യം ഷാരോൺ തന്നോട് പങ്കുവെച്ചിരുന്നു എന്ന് അമ്മാവൻ സത്യശീലനും വെളിപ്പെടുത്തുന്നു.

എന്നാൽ ഷാരോണിന് ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. തുടർന്നാണ് പെൺകുട്ടിയും ഷാരോണും താലി കെട്ടിയത്. ഇത് തെളിയിക്കുന്ന ഫോട്ടോസ് അടക്കമുള്ളവ ഷാരോണിന്റെ ഫോണിലുണ്ടെന്നാണ് വിവരം. ഷാരോണിന്റെ പഠനവുമായി ബന്ധപ്പെട്ട റെക്കോർഡ് ബുക്കുകൾ എഴുതാൻ ഗ്രീഷ്മ സഹായിച്ചിരുന്നു. ഈ റെക്കോർഡുകൾ വാങ്ങാനാണെന്ന് പറഞ്ഞാണ് പതിനാലിന് രാവിലെ ഷാരോൺ സുഹൃത്തായ റിജിലിനെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്.

പെൺകുട്ടിയുടെ അച്ഛനും അമ്മയും ഈ സമയം അവിടെ ഉണ്ടായിരുന്നുവെന്നാണ് മൊഴി. റെജിലിനെ പുറത്തു നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്. പിന്നീട് പതിനഞ്ചു മിനിറ്റിന് ശേഷമാണ് അവൻ തിരിച്ചെത്തിയതെന്ന് സുഹൃത്ത് റെജിൽ പറയുന്നു. ശർദ്ദിച്ചുകൊണ്ടാണ് അവൻ വന്നത്. വയ്യ എന്ന് പറഞ്ഞാണ് ബൈക്കിൽ കയറിയത്. ബൈക്കിൽ കയറി മടങ്ങുമ്പോൾ വഴിയിലും അവൻ ശർദ്ദിച്ചു. പച്ചക്കളറിലായിരുന്നു ശർദ്ദിച്ചത്. ഇതെന്താണെന്ന് ചോദിച്ചപ്പോൾ അവൾ ഒരു കഷായം തന്നു എന്നാണ് അവൻ പറഞ്ഞത്. വീണ്ടും ശർദ്ദിച്ചു. എന്തിനാണ് കഷായം തന്നത് എന്ന് ചോദിച്ചപ്പോൾ എനിക്കിപ്പോ വയ്യ എന്നാണ് ഷാരോൺ പറഞ്ഞതെന്നും അവന്റെ വീട്ടിൽ കൊണ്ടു വിട്ടുവെന്നും റിജിൽ പറയുന്നു.

അടുത്ത ദിവസം ഷാരോണിന്റെ വായ്ക്കുള്ളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. തീർത്തും അവശനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ ആന്തരികാവയവങ്ങൾ തകരാറിലായതായി കണ്ടെത്തി. വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പെൺസുഹൃത്തായ ഗ്രീഷ്മയാണ് ജ്യൂസിൽ വിഷം നൽകിയത് എന്ന് ഷാരോണിന്റെ കുടുംബം ഉറച്ചു വിശ്വസിച്ചപ്പോഴും തന്റെ മരണമൊഴിയിൽ പോലും ഷാരോൺ ഗ്രീഷ്മയെ കുറ്റപ്പെടുത്തിയില്ല.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News