എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കുറ്റസമ്മതം; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
ആദ്യ ഭർത്താവ് മരിക്കുമെന്ന് ഗ്രീഷ്മയുടെ ജാതകത്തിലുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് മകനെ കൊലപ്പെടുത്തിയതെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിനെ പെൺസുഹൃത്ത് ഗ്രീഷ്മ കൊലപ്പെടുത്തിയത് കഷായത്തിൽ വിഷം കലർത്തി. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത്. രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് അന്വേഷണ സംഘവും തുടർന്ന് എഡിജിപിയും പെൺകുട്ടിയേയും കുടുംബത്തേയും ചോദ്യം ചെയ്തത്.
ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി? ഷാരോണിന് ശീതള പാനീയമടക്കം എന്തെല്ലാം നൽകി? കഷായം നൽകാനുണ്ടായ സാഹചര്യം? ഈ സമയം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു? എന്നീ നാല് കാര്യങ്ങളാണ് പ്രധാനമായും അന്വേഷണസംഘം ഗ്രീഷ്മയോട് ചോദിച്ചത്.
ഈ മാസം 14-നാണ് ഷാരോൺ രാജ് ഗ്രീഷ്മയുടെ വീട്ടിലെത്തിയത്. ഷാരോണിനൊപ്പം സുഹൃത്ത് റിജിനും ഉണ്ടായിരുന്നു. വീട്ടിൽനിന്ന് പുറത്തേക്ക് വന്ന ഷാരോൺ പച്ചനിറത്തിൽ ഛർദ്ദിച്ചിരുന്നതായി റിജിൻ പറഞ്ഞു. പിന്നീട് വീട്ടിലെത്തിയ ശേഷവും ഷാരോൺ ഛർദിച്ച് അവശനായി. അപ്പോഴും ജ്യൂസ് കുടിച്ചു എന്ന് മാത്രമാണ് ഷാരോൺ പറഞ്ഞിരുന്നത്. 17-ാം തിയ്യതിയാണ് ഷാരോണിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റാക്കിയത്. രക്തപരിശോധനയിൽ ഷാരോണിന്റെ ക്രയാറ്റിൻ വലിയ തോതിൽ ഉയർന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടമാർക്ക് സംശയം തോന്നുകയും ഷാരോണിനോട് പല തവണ ചോദിക്കുകയും ചെയ്തിരുന്നു. 19-ാം തിയ്യതിയാണ് താൻ ഒരു കഷായവും കുടിച്ചിരുന്നതായി ഷാരോൺ സമ്മതിച്ചത്.
ആദ്യ ഭർത്താവ് മരിക്കുമെന്ന് ഗ്രീഷ്മയുടെ ജാതകത്തിലുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് മകനെ കൊലപ്പെടുത്തിയതെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു. ഷാരോൺ ഗ്രീഷ്മക്ക് താലിയും സിന്ദൂരവും ചാർത്തിയിരുന്നു. ഫെബ്രുവരിയിലാണ് ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. അതിന് മുമ്പ് ആദ്യ ഭർത്താവെന്ന നിലയിൽ ഷാരോണിനെ കൊലപ്പെടുത്താനാണ് ആസൂത്രണം ചെയ്തതെന്നും ഷാരോണിന്റെ അമ്മ ആരോപിച്ചു.
വിവാഹമുറപ്പിച്ച ശേഷം ഗ്രീഷ്മ കുറച്ചുകാലം ഷാരോണുമായുള്ള ബന്ധത്തിൽനിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് വീണ്ടും ബന്ധം തുടർന്നു. അതിന് ശേഷമാണ് മകന് ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയത്. അവൾ മകനൊപ്പം പോകുമ്പോഴെല്ലാം വീട്ടിൽനിന്ന് ജ്യൂസ് തയ്യാറാക്കി കൊണ്ടുവരുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന മകന് ഗ്രീഷ്മക്കൊപ്പം പോകാൻ തുടങ്ങിയ ശേഷമാണ് സ്ഥിരമായി ഛർദിയും മറ്റു പ്രശ്‌നങ്ങളും തുടങ്ങിയത്. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും ഷാരോണിന്റെ അമ്മ ആരോപിച്ചു.