ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞത് താൻ രാഷ്ട്രീയത്തിൽ അനുഭവിക്കുന്നു: ശശി തരൂർ
മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് തരൂർ പാർട്ടി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്തത്.
ചങ്ങാനേശ്ശേരി: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശശി തരൂർ എം.പി. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുണ്ട്. മന്നം ഇത് പറഞ്ഞത് 100 വർഷം മുമ്പാണ്. രാഷ്ട്രീയത്തിൽ താനിത് ഇടക്കിടക്ക് മനസ്സിലാക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു. മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് തരൂർ പാർട്ടി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്തത്.
ശശി തരൂർ കേരള പുത്രനാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സമയത്ത് തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചത് തെറ്റാണ്. ആ തെറ്റ് തിരുത്താനാണ് തരൂരിരിനെ മന്നം ജയന്തി ഉദ്ഘാടകനായി വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. തരൂർ ഒരു വിശ്വപൗരനാണ്. മന്നം ജയന്തി ഉദ്ഘാടനത്തിന് ഏറ്റവും ഉചിതനായ വ്യക്തി തരൂർ തന്നെയാണെന്നും സുകുമാരൻ നായർ പറഞ്ഞു.
ഡി.സി.സികളെ അറിയിക്കാതെ തരൂർ മലബാറിലും കോട്ടയത്തും പര്യടനം നടത്തിയതിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനുള്ളിൽ പ്രതിഷേധം ഉയർന്നിരുന്നു. നേരത്തെ നിശ്ചയിച്ച പരിപാടികളിൽനിന്ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം പിൻമാറുകയും ചെയ്തിരുന്നു. കോട്ടയത്ത് സംഘടിപ്പിച്ച പരിപാടിക്കെതിരെ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു.