'ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരുമോ?'; തരൂരിന് ഇടതുപക്ഷത്തേക്ക് പരോക്ഷ ക്ഷണവുമായി എം.എ ബേബി

''കോൺഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങുംമുൻപ് നെഹ്‌റുവിനെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും വളരെ വിമർശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂർ. നെഹ്‌റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രമില്ല.''

Update: 2022-10-19 12:20 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ശശി തരൂരിനെ ഇടതുപക്ഷത്തേക്ക് പരോക്ഷമായി ക്ഷണിച്ച് മുതിർന്ന സി.പി.എം നേതാവ് എം.എ ബേബി. ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരാനാണോ തരൂരിന്റെ പദ്ധതിയെന്ന് അദ്ദേഹം ചോദിച്ചു. കൂടുതൽ ശക്തമായ മതേതരവാദത്തിലേക്ക് വരുമോ അതോ സംഘ്പരിവാറിന്റെ അർധ ഫാഷിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വരുമോയെന്നും ബേബി ചോദിച്ചു.

തെരഞ്ഞെടുപ്പുകളിൽ നെഹ്‌റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രമില്ല. 1950ലെ തെരഞ്ഞെടുപ്പിൽ നെഹ്‌റുവിന്റെ സ്ഥാനാർത്ഥിയായിരുന്നിട്ടും ആചാര്യ കൃപലാനി ഹിന്ദുത്വപക്ഷപാതിയായിരുന്ന പുരുഷോത്തം ദാസ് ഠണ്ഡനോട് പരാജയപ്പെട്ടു. കൃപലാനി ക്രമേണ കോൺഗ്രസ് വിട്ടു. സീതാറാം കേസരിയോട് പരാജയപ്പെട്ട ശരദ് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഉണ്ടാക്കി. സോണിയ ഗാന്ധിയോട് പരാജയപ്പെട്ട ജിതേന്ദ്ര പ്രസാദ ബി.ജെ.പിയിൽ ചേർന്നു-ഫേസ്ബുക്ക് കുറിപ്പിൽ ബേബി ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ ഇഷ്ടനേതാക്കളിലൊരാളല്ല ശശി തരൂരെന്നത് എല്ലാവർക്കും അറിയാം. കേരളത്തിലെ കോൺഗ്രസ് നേതാക്കളും തങ്ങളുടെ അനിഷ്ടം ഒരിക്കലും മറച്ചുവയ്ക്കാറില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തുതന്നെ എ.കെ ആന്റെണി, രമേശ് ചെന്നിത്തല, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരൊക്കെ പരസ്യമായിത്തന്നെ തരൂരിനെതിരെ വന്നു. സോണിയ കുടുംബത്തോട് പൂർണ വിധേയത്വമില്ലാത്ത ആർക്കും കോൺഗ്രസിൽ അധികനാൾ തുടരാനാവില്ലെന്നത് ചരിത്രമാണെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.

എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശശി തരൂർ ഇനി എന്തു ചെയ്യും?

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആകെ പോൾ ചെയ്ത വോട്ടിന്റെ പത്തുശതമാനം നേടി അഭിമാനം സംരക്ഷിച്ച ശശി തരൂരിന് എന്റെ അഭിനന്ദനങ്ങൾ. ജനാധിപത്യപരവും സ്വതന്ത്രവുമായിരിക്കും തെരഞ്ഞെടുപ്പെന്ന് കോൺഗ്രസിലെ എല്ലാവരും ആവർത്തിച്ചെങ്കിലും അങ്ങനെയായിരുന്നില്ല കാര്യങ്ങളെന്നത് വ്യക്തമാണ്. മല്ലികാർജുൻ ഖാർഗെ സോണിയ-രാഹുൽ-പ്രിയങ്കമാരുടെ സ്ഥാനാർത്ഥിയായിരുന്നുവെന്നത് സുവ്യക്തമായിരുന്നു. കോൺഗ്രസിനെ നയിക്കാൻ ശശി തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ, കോൺഗ്രസിൽ വലിയ പിന്തുണയുള്ള ആളായതുകൊണ്ടോ അല്ല ഖാർഗെ ജയിച്ചതെന്നും എല്ലാവർക്കും അറിയാം.

ആരെ നിറുത്തിയാലും തങ്ങൾ പറയുന്നവരെ കോൺഗ്രസുകാർ ജയിപ്പിക്കുമെന്ന് സോണിയ കുടുംബം കോൺഗ്രസുകാർക്കു തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പിലൂടെ. അന്താരാഷ്ട്ര നയതന്ത്രജ്ഞനോ മതേതരവാദിയായ എഴുത്തുകാരനോ ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ എന്നതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാലുതവണയാണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളിൽ നെഹ്‌റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രമില്ല.

1950ലെ തെരഞ്ഞെടുപ്പിൽ നെഹ്‌റുവിന്റെ സ്ഥാനാർത്ഥിയായിരുന്നിട്ടും ആചാര്യ കൃപലാനി ഹിന്ദുത്വപക്ഷപാതിയായിരുന്ന പുരുഷോത്തം ദാസ് ഠണ്ഡനോട് പരാജയപ്പെട്ടു. കൃപലാനി ക്രമേണ കോൺഗ്രസ് വിട്ടു. സീതാറാം കേസരിയോട് പരാജയപ്പെട്ട ശരദ് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഉണ്ടാക്കി. സോണിയ ഗാന്ധിയോട് പരാജയപ്പെട്ട ജിതേന്ദ്ര പ്രസാദ ബി.ജെ.പിയിൽ ചേർന്നു.

രാഹുൽ ഗാന്ധിയുടെ ഇഷ്ടനേതാക്കളിലൊരാളല്ല ശശി തരൂരെന്നത് എല്ലാവർക്കും അറിയാം. കേരളത്തിലെ കോൺഗ്രസ് നേതാക്കളും തങ്ങളുടെ അനിഷ്ടം ഒരിക്കലും മറച്ചുവയ്ക്കാറില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തുതന്നെ എ.കെ ആൻറണി, രമേശ് ചെന്നിത്തല, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരൊക്കെ പരസ്യമായിത്തന്നെ തരൂരിനെതിരെ വന്നു. സോണിയ കുടുംബത്തോട് പൂർണ വിധേയത്വമില്ലാത്ത ആർക്കും കോൺഗ്രസിൽ അധികനാൾ തുടരാനാവില്ല എന്നത് ചരിത്രമാണ്.

Full View

ശശി തരൂർ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരാനോ? അതോ കോൺഗ്രസിൽനിന്ന് പുറത്തുവരാനാണെങ്കിൽ വെറും ഒരു തെരഞ്ഞെടുപ്പ് പരാജയത്തിലെ ഇച്ഛാഭംഗം തീർക്കാൻ മാത്രമാണോ ഉദ്ദേശ്യം? കോൺഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങുംമുൻപ് നെഹ്‌റുവിനെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും വളരെ വിമർശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂർ. തന്റെ സ്വാഭാവികമായ, കൂടുതൽ ശക്തമായ മതേതരവാദത്തിലേക്ക് അദ്ദേഹം വരുമോ? സംഘ്പരിവാറിന്റെ അർധ ഫാഷിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വരുമോ?

Summary: CPM leader MA Baby indirectly invites Shashi Tharoor to join the LDF after defeat in Congress president election 2022

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News