'ബിജെപിക്ക് ജയിക്കാൻ വേറെ മാർഗമില്ല'; രാജീവ് ചന്ദ്രശേഖറിന്റെ പരാതി തോൽവി ഭയന്നെന്ന് ശശി തരൂർ
തീരദേശത്ത് പണം നൽകി രാജീവ് വോട്ട് പിടിക്കുന്നതായി തരൂർ പ്രചരിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞദിവസം സൈബർ പൊലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരം: തോൽവി ഭയന്നാണ് രാജീവ് ചന്ദ്രശേഖർ തനിക്കെതിരെ പരാതി നൽകിയതെന്ന് ശശി തരൂർ. എൻ.ഡി.എക്ക് ജയിക്കാൻ വേറെ മാർഗമില്ല. നിയമം പാലിക്കുന്ന വ്യക്തിയാണ് താനെന്നും കോടതിയിൽ മറുപടി നൽകാൻ തയ്യാറാണെന്നും തരൂർ മീഡിയവണിനോട് പറഞ്ഞു. തീരദേശത്ത് പണം നൽകി രാജീവ് വോട്ട് പിടിക്കുന്നതായി തരൂർ പ്രചരിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞദിവസം സൈബർ പൊലീസ് കേസെടുത്തിരുന്നു.
ഇതുവരെ വളരെ മുന്നിൽ തന്നെയാണ് കോൺഗ്രസ് പോകുന്നത്. മറ്റ് രണ്ട് സ്ഥാനാർത്ഥികൾ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നതെന്നും തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജീവ് ചന്ദ്രശേഖർ നൽകിയ കേസ് തോൽവിയുടെ തെളിവാണ്. ജയിക്കാൻ വേറെ മാർഗ്ഗമില്ലെങ്കിൽ കോടതി വഴി ശ്രമം നടത്തുകയാണ്. അതിന് മറുപടി പറയാൻ കോടതിയിലേക്ക് പോകാൻ തയ്യാറാണെന്നും തരൂർ പറഞ്ഞു.
തനിക്കെതിരെ തീരദേശം കേന്ദ്രീകരിച്ച് ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ നുണപ്രചാരണം നടക്കുന്നുണ്ടെന്ന് തരൂർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. നുണപ്രചാരണം നടത്തുന്നത് രാജീവ് ചന്ദ്രശേഖരാണെന്ന് മീഡിയവൺ ദേശീയപാതയിൽ ആയിരുന്നു തരൂരിന്റെ പ്രതികരണം.
മതസംഘടനകൾക്കു പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. ആരോപണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ശശി തരൂരിന് താക്കീത് നൽകുകയും ചെയ്‌തിരുന്നു. രാജീവ് ചന്ദ്രശേഖറിന് എതിരെ തെളിവു സമർപ്പിക്കാൻ തരൂരിനായില്ലെന്നും കമ്മീഷൻ വിലയിരുത്തിയിരുന്നു.