ഷാന്‍ വധക്കേസ്; പ്രതികളുടെ തെളിവെടുപ്പ് ആരംഭിച്ചു
സുധീഷ്, കിരൺ, ബിനു എന്നിവരെ മെഡിക്കല്‍ പരിശോധനക്ക് ശേഷം തെളിവെടുപ്പിനു കൊണ്ട് വരും
ഷാന്‍ വധക്കേസിൽ ബാക്കിയുള്ള പ്രതികളുടെ തെളിവെടുപ്പ് ആരംഭിച്ചു. രണ്ടാം പ്രതി ലുധീഷിനെയാണ് തെളിവെടുപ്പിനായി ആദ്യം കൊണ്ടുവന്നത്.
'രണ്ട് മണിയോടെ ഷാനെ ഇവിടെ എത്തിക്കുകയും മര്‍ദിക്കുകയും ചെയ്തു. അവശനായ ഷാനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓട്ടോയില്‍ കയറ്റിക്കെണ്ടുപോവുന്ന വഴിയില്‍ മരിച്ചെന്നു തോന്നിയപ്പോള്‍ കടെയുള്ള മൂന്ന്‌പേര്‍ ഓടി' എന്നാണ് ലുധീഷിന്റെ മൊഴി.
ഇന്നലെ ജോമോനെ പൊലീസ് തെളിവെടുപ്പിനായി കൊണ്ടു വന്നിരുന്നു. സുധീഷ്, കിരൺ, ബിനു എന്നിവരെ മെഡിക്കല്‍ പരിശോധനക്ക് ശേഷം തെളിവെടുപ്പിനു കൊണ്ട് വരും.
ജോമോൻ ജോസാണ് ഷാൻറെ മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തൻറെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാനായിരുന്നു ജോമോൻറെ ക്രൂരകൃത്യം. സൂര്യൻ എന്ന ശരത് രാജിൻറെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോൻറെ പകയ്ക്ക് കാരണം.
പ്രതികൾക്കെതിരെ കൊലപാതകം , കൊലപ്പെടുത്താൻ വേണ്ടിയുള്ള തട്ടിക്കൊണ്ട് പോകൽ , ഗൂഡാലോചന സംഘo ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.