വീൽ ചെയറിലിരുന്ന് സിവിൽ സർവീസ്‌ സ്വന്തമാക്കി ഷെറിൻ ഷഹാന

അലക്കിയിട്ട തുണിയെടുക്കാൻ വേണ്ടി ടെറസിൽ കയറിയതാണ് ഷഹാന, കാൽ വഴുതി താഴോട്ട് വീഴുകയായിരുന്നു.

Update: 2023-05-23 15:58 GMT
Editor : rishad | By : Web Desk

ഷെറിന്‍ ഷഹാന

Advertising

കമ്പളക്കാട്(വയനാട്): വീൽ ചെയറിലിരുന്ന് രാജ്യത്തിന്റെ പരമോന്നത സർവീസിലേക്ക് ഒരാൾക്ക് എത്താനാകുമോ? അതും 22ാം വയസിൽ അക്ഷരം 'എഴുതിപ്പഠിച്ചൊരാൾക്ക്'. കഴിയുമെന്ന് തെളിയിക്കുകയാണ് വയനാട് കമ്പളക്കാട് സ്വദേശിയായ ഷെറിന്‍ ഷഹാന.

2017ല്‍ വീടിന്റെ ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേൽക്കുന്നിടത്ത് നിന്നാണ് ഷഹാനയുടെ രണ്ടാം ജീവിതം തുടങ്ങുന്നത്. അലക്കിയിട്ട തുണിയെടുക്കാൻ വേണ്ടി ടെറസിൽ കയറിയതാണ് ഷഹാന, കാൽ വഴുതി താഴോട്ട് വീഴുകയായിരുന്നു. പി.ജിക്ക് പഠിക്കുന്ന സമയമായിരുന്നു  അന്ന്. വീഴ്ചയിൽ വാരിയെല്ല് പൊട്ടി. ഉപ്പ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മോചിതയാകും മുമ്പെയായിരുന്നു ഷഹാനയുടെ വീഴ്ചയും. അപകടത്തിന് ശേഷം ഒരു മാസം അബോധാവസ്ഥയിലായിരുന്നു. ഓര്‍മകളെല്ലാം നഷ്ടപ്പെട്ടു. 

നടക്കാനോ കൈപോലും അനക്കാന്‍ പറ്റാത്ത അവസ്ഥ. അവിടെ നിന്നാണ് ഷഹാന ഐ.എ.എസിന്റെ ചവിട്ടുപടികൾ ഓരോന്നായി കയറിയത്. അപകടത്തിന് ശേഷം തന്നിലേക്ക് വന്നുചേർന്നതൊരു പുതുജീവിതമാണെന്നാണ് ഷഹാന പറയുന്നത്. അതുവരെ എന്തൊക്കെ ചെയ്‌തോ അതൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. പുസ്തകം പോലും എടുത്ത് മറിക്കാൻ കഴിഞ്ഞില്ലെന്ന് ഷഹാന ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാൽ തളരാതെ നിശ്ചയദാർഢ്യത്തോടെ കാര്യങ്ങളെ ധീരമായി നേരിട്ടതോടെ  ഷഹാന 'രണ്ടാമതും ജനിച്ചു'.

ആശുപത്രി വാസത്തിന് ശേഷം വെല്ലൂരിലെ റിഹാബിലേറ്റഷൻ സെന്ററിൽ നിന്നായിരുന്നു ഷഹാനയുടെ പുതു ജീവിതം തുടങ്ങുന്നത്. രോഗം മാറുമെന്ന പ്രതീക്ഷിച്ച് ഇരിക്കാതെ തന്റെ സ്വപ്‌നങ്ങൾക്ക് പിന്നാലെ പോകണമെന്ന അവരുടെ ഉപദേശമാണ് ഷഹാനയുടെ ജീവിതത്തിലെ വഴിത്തിരിവ്. വെല്ലൂരിലെ സഹവാസത്തിൽ നിന്നാണ് വീണ്ടും എഴുതിപ്പഠിക്കുന്നത്. അതുവരെ പഠിച്ചതെല്ലാം മറന്ന ഷഹാന, മലയാളത്തിലേയും ഇംഗ്ലീഷിലേയും ഓരോ അക്ഷരങ്ങൾ പിന്നീട് പഠിച്ച് എടുക്കുകയായിരുന്നു.

ആത്മവിശ്വാസം തിരികെ പിടിച്ചപ്പോൾ തന്നെ ഷഹാനയുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളച്ചു. തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ കുറിച്ചിടുകയാണ് ഷഹാന ആദ്യം ചെയ്തത്. പിന്നെ ആ വഴിക്ക് ഷഹാനയുടെ വീല്‍ ചെയറും ചലിച്ചു. ട്യൂഷനെടുത്തും കുട്ടികള്‍ക്ക് ക്ലാസുകളെടുത്തുമാണ് ഷഹാന സജീവമായിത്തുടങ്ങിയത്. ഒപ്പം തന്റെ ഐ.എ.എസ് എന്ന ആഗ്രഹത്തേയും കൂടെക്കൂട്ടി. ഇപ്പോഴിതാ മറ്റൊരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നു, വീൽ ചെയറിലിരുന്നും ഐ.എ.എസൊക്കെ നേടാമെന്ന് കാണിച്ചുതരികയാണ് ഷഹാന. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News