തോക്കിൻമുനയിൽ രേഖകൾ ആവശ്യപ്പെട്ട് പട്ടാളം; കുവൈത്തിൽ ശിഹാബ് ചോറ്റൂരിന് സംഭവിച്ചത്
മദീന ലക്ഷ്യമാക്കിയാണ് ഇപ്പോൾ ശിഹാബിന്റെ നടത്തം
കേരളത്തിൽ നിന്ന് മക്കയിലേക്ക് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ സൗദിയിൽ. ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിന് സൗദി-കുവൈത്ത് അതിർത്തിയായ അൽ റാഖായി വഴിയാണ് ശിഹാബ് സൗദിയുടെ മണ്ണിലേക്ക് പ്രവേശിച്ചത്. മദീന ലക്ഷ്യമാക്കിയാണ് ഇപ്പോൾ ശിഹാബിന്റെ നടത്തം. മലയാളികൾ അടക്കമുള്ള സാമൂഹ്യപ്രവർത്തകർ ശിഹാബിനെ സ്വീകരിച്ചതായി ഗൾഫ് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.
കുവൈത്തില്‍ പട്ടാളം തോക്കിൻമുനയിൽ നിർത്തിയാണ് ശിഹാബിന്റെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പരിശോധിച്ചത്. കുവൈത്ത് അതിർത്തിയിൽ എത്തുന്നതിന് മുമ്പ് മഫ്ടിയിലുള്ള പൊലീസ് ശിഹാബിനോട് രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് യൂണിഫോമിലല്ലാത്തവര്‍ക്ക് ശിഹാബ് രേഖകൾ നൽകാൻ തയ്യാറായില്ല. ഇതോടെ പൊലീസ് പട്ടാളത്തെ വിളിച്ചു. പട്ടാളവാഹനത്തിൽ അതിവേഗമെത്തിയ സൈനികർ തോക്കിൻമുനയിൽ നിർത്തി ശിഹാബിനോട് രേഖകൾ ആവശ്യപ്പെട്ടു. യാത്രയുടെ ഉദ്ദേശ്യം മനസ്സിലാക്കി, രേഖകൾ പരിശോധിച്ച് തൃപ്തിപ്പെട്ട ശേഷം സൈന്യം ശിഹാബിനെ വിട്ടയയ്ക്കുകയായിരുന്നു. സഹായം ഉറപ്പു നൽകുകയും ചെയ്തു.
സൗദിയിലെ ആദ്യ ദിവസം മലയാളിയുടെ താമസസ്ഥലത്ത് വിശ്രമിച്ചു. രാത്രി നടത്തം തുടർന്ന അദ്ദേഹം വർബ് ശാമിയ എന്ന സ്ഥലത്തെ യമനിയുടെ അധീനതയിലുള്ള വിശ്രമസങ്കേതത്തിൽ താമസിച്ചു. അവിടെ നിന്ന് ഹഫർ അൽ ബാത്വിൻ പട്ടണത്തിലെത്തി. ഹഫറിൽ നൂറു കണക്കിന് പ്രവാസികൾ ശിഹാബിനെ കാണാനായി എത്തിയിരുന്നു. നോമ്പായതിനാൽ അധികവും രാത്രിയാണ് ശിഹാബിന്റെ സഞ്ചാരം.
ജൂൺ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്ന് വിശുദ്ധ ഹജ്ജ് കർമത്തിനായി കാൽനട യാത്ര ആരംഭിച്ചത്. പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാഷ്ട്രങ്ങൾ പിന്നിട്ടാണ് അദ്ദേഹം സൗദിയിൽ പ്രവേശിച്ചത്. സമൂഹമാധ്യമത്തിൽ യാത്രാനുഭവങ്ങൾ ശിഹാബ് പങ്കുവയ്ക്കുന്നുണ്ട്.