വർഷം മുഴുവൻ ഡ്രഡ്ജിങ്, എന്നിട്ടും വലിയ കപ്പലുകൾ എത്തുന്നില്ല; വല്ലാർപാടത്ത് 'വല്ലാത്ത' സ്ഥിതി
168 കോടിയാണ് ആഴം കൂട്ടലിനായി മാത്രം പ്രതിവർഷം ചെലവഴിക്കുന്നത്
കൊച്ചി: വിഴിഞ്ഞം പോർട്ട് യാഥാർഥ്യമായതോടെ വാർത്തകളിലിടം പിടിച്ച മറ്റൊരു വിഷയമായിരുന്നു വല്ലാർപാടം ടെർമിനലിൽ ഇനിയുമെത്താത്ത വികസനം. വലിയ കപ്പലുകൾ അടുക്കാത്തതിനാൽ ടെർമിനലിന് പ്രഖ്യാപിത ലക്ഷ്യം നേടാനാകുന്നില്ല എന്നതാണ് വിഷയം. ഇതിന്റെ പ്രധാന കാരണം കേന്ദ്രസർക്കാരും ദുബൈ പോർട്ട് വേൾഡും തുടരുന്ന നിസ്സംഗതയാണെന്നതാണ് വസ്തുത.പദ്ധതിയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച 33.3 ശതമാനം ലാഭവിഹിതം നിലവിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന് ലഭിക്കുന്നില്ല.
വല്ലാർപാടം ടെർമിനലിലേക്ക് വലിയ കപ്പലുകൾ അടുപ്പിക്കാൻ ലക്ഷ്യമിട്ട് വർഷം മുഴുവൻ ഡ്രഡ്ജിങ് അഥവാ ആഴം കൂട്ടുന്ന ജോലികൾ നടക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരൊറ്റ വലിയ കപ്പൽ മാത്രമാണ് ടെർമിനലിലേക്ക് എത്തിയത്. 168 കോടിയാണ് ആഴം കൂട്ടലിനായി മാത്രം പ്രതിവർഷം ചെലവഴിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശമനുസരിച്ച് ആഴം 14.5 മീറ്ററിൽ നിന്ന് 16 മീറ്ററായി വർധിപ്പിക്കണം. അങ്ങനെയെങ്കിൽ ചെലവ് 220 കോടിയായി ഉയരും. വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ് ടെർമിനലിന്റെ ലാഭവിഹിതം 66.6 ശതമാനം ഡി പി വേൾഡിനും 33.3 ശതമാനം കൊച്ചിൻ പോർട്ട് ട്രെസ്‌ററിനുമായാണ് നിശ്ചയിച്ചിരുന്നത്. നിലവിൽ 28.7 ശതമാനം മാത്രമേ കൊച്ചിൻ പോർട്ട് ട്രസ്റ്റിന് ലഭിക്കുന്നുള്ളൂ. കഴിഞ്ഞവർഷം 117 കോടി രൂപയാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റിന് ലഭിച്ചത്.