നാവികസേന ലോഹഭാഗങ്ങള്‍ കണ്ടെത്തി; കാണാതായ ട്രക്കിന്‍റേതെന്ന് സംശയം
ലഭിച്ച ഭാഗങ്ങള്‍ അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് ലോറിഉടമ മനാഫ്
മംഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽ നിന്നും നാവികസേന ലോഹഭാഗങ്ങൾ കണ്ടെത്തി. കാണാതായ ട്രക്കിന്റേതെന്ന് കരുതുന്ന ലോഹഭാഗങ്ങളാണ് കണ്ടെത്തിയതെന്ന് കൊച്ചി ഡിഫൻസ് പിആർഒ ചിത്ര സഹിതം എക്‌സിൽ പങ്കുവച്ചു. എന്നാല്‍ ലഭിച്ച ഭാഗങ്ങള്‍ അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. ഇത് കാണാതായ ടാങ്കറിന്‍റേതാകാമെന്നാണ് കരുതുന്നത്. അതേസമയം തിരച്ചിലിൽ കണ്ടെത്തിയ കയർ തടികെട്ടിയ കയറാണെന്ന് മനാഫ് സ്ഥിരീകരിച്ചു.
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ, എസ്ഡിആർഎഫ്, എൻ.ഡി.ആർ,എഫ് സംഘങ്ങള്‍ പുഴയില്‍ തിരച്ചിലിലുണ്ട്. അതേസമയം തിരച്ചിലിനായി കേരളം ഡ്രഡ്ജിങ് മെഷിൻ തന്നില്ലെന്ന് സതീഷ് സെയിൽ എംഎൽഎ ആരോപിച്ചു. കേരളത്തിൽ നിന്ന് ഡ്രഡ്ജിങ് മെഷീൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ടെക്‌നീഷ്യന് ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുഴയിൽ മണ്ണുമാറ്റി പരിശോധന നടത്തുമെന്നും ഡ്രഡ്ജിങ് മെഷീൻ ഗോവയിൽ നിന്ന് എത്തിക്കാൻ അവിടത്തെ സർക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും കർവാർ എംഎൽഎ അറിയിച്ചിരുന്നു.