'ഇന്നു ഞാൻ നാളെ നീ'; മീഡിയവണ്ണിനെതിരായ നടപടി പിൻവലിക്കണമെന്ന് സച്ചിദാനന്ദൻ
ചാനൽ സംപ്രേഷണ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം ഇന്ന് കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ടിരുന്നു
മീഡിയവണ്ണിനെതിരായ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധവുമായി എഴുത്തുകാരൻ പി. സച്ചിദാനന്ദൻ. ഇന്നു ഞാൻ, നാളെ നീ എന്ന രീതിയിലാണ് കാര്യങ്ങളെന്ന് ഫേസ്ബുക്കിൽ കുറിച്ച അദ്ദേഹം ചാനലിനെതിരായ നടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മീഡിയവണിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും സാമൂഹ്യപ്രവർത്തകരും കലാകാരന്മാരും അഭിപ്രായപ്പെട്ടത്. മീഡിയവണിന് വ്യാപക പിന്തുണയാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുന്നത്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു.
വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ ഇന്ന് കണ്ടിരുന്നു. കെ. സുധാകരൻ, എ.എം ആരിഫ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, അബ്ദുസ്സമദ് സമദാനി, ടി.എൻ പ്രതാപൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ അടങ്ങുന്ന എം.പിമാരുടെ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എം.പിമാർ നിവേദനം നൽകി. മീഡിയവൺ സംപ്രേഷണം വിലക്കിയത് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടിയാണ്. വിലക്ക് പിൻവലിക്കാൻ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.