ഷുഹൈബ് വധക്കേസ്: കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വി.ഡി സതീശൻ
'പുസ്തകം വായിക്കുന്ന പിള്ളേരുടെ പേരിലാണ് യുഎപിഎ ചുമത്തുന്നത്'
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ സി.ബി.എ അന്വേഷണത്തെ സർക്കാർ ഭയക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.ബി.ഐ അന്വേഷണം അംഗീകരിക്കാമോ എന്നും സതീശൻ ചോദിച്ചു. 'കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണം. ഗൂഢാലോചനക്കാരെ സംരക്ഷിക്കാൻ വേണ്ടിയല്ലേ സി ബി ഐ അന്വേഷണത്തെ എതിർത്തത്. പാർട്ടി ചെയ്യിപ്പിച്ചതാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ അറിയാത്ത കണ്ണും ചെവിയും മൂടിവെച്ച് നടക്കുന്ന ആളാണോ അന്വേഷണ ഉദ്യോഗസ്ഥൻ. പി ജെ ആർമിയുടെ മുന്നണി പോരാളിയായിരുന്നു ഒന്നാം പ്രതിയെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
'കുറ്റകൃത്യം ചെയ്യാൻ തുടങ്ങിയത് ഒരു സുപ്രഭാതത്തിലല്ല. രാഷ്ട്രീയ വിശദീകരണം നടത്തി തീർക്കാവുന്ന കാര്യമല്ല ഇത്. കൊല്ലിച്ചവരെ കൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരാതെ ആ കുടുംബത്തിൻറെ ദുഃഖം തീരുമോ എന്നു സതീശൻ ചോദിച്ചു.
'മറ്റു പല കേസുകളിലും യുഎപിഎ ചുമത്താറുണ്ടല്ലോ. പുസ്തകം വായിക്കുന്ന പിള്ളേരുടെ പേരിലാണ് നിങ്ങൾ യുഎപിഎ ചുമത്തുന്നത്.കൊല്ലാൻ പാർട്ടി തീരുമാനിക്കുന്നു കൊല്ലേണ്ട വരെയും തീരുമാനിക്കുന്നു. അവർക്ക് വേണ്ട വാഹനം നൽകുന്നു. അവരുടെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുന്നു. ആകാശ് ക്രിമിനൽ ആണെന്ന് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. എന്നിട്ട് അയാൾക്ക് ഡിവൈഎഫ്‌ഐ നേതാവ് സ്റ്റേജിൽ വച്ച് ട്രോഫി സമ്മാനിക്കുന്നു.കൊലപാതകികൾ വന്ന വാഹനം ആരുടേതെന്ന് പോലും പൊലീസ് അന്വേഷിച്ചില്ല.' വേണ്ടപ്പെട്ടവരെ സംരക്ഷിച്ച് അന്വേഷണം നടത്തിയെന്നും സതീശൻ പറഞ്ഞു.
'സോളാർ കേസിലെ പ്രതിയെ ചാരി നിന്നവരാണ് നിങ്ങൾ. കാലം നിങ്ങളോട് കണക്ക് ചോദിക്കുകയാണ്. എല്ലാദിവസവും വെളിപ്പെടുത്തലുമായി വന്ന് ഞങ്ങൾക്ക് നാണമായിട്ട് വയ്യ . ഇങ്ങനെയാണെങ്കിൽ എല്ലാദിവസവും അടിയന്തര പ്രമേയത്തിന് നിങ്ങൾ അനുമതി നിഷേധിക്കേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചതിൽ പ്രതിപക്ഷം വാക്ക് ഔട്ട് ചെയ്തു.