ആവശ്യമെങ്കിൽ മുല്ലപ്പെരിയാറിന്റെ ഷട്ടർ ഇനിയുമുയർത്തും
339 കുടുംബങ്ങളിലായി ആയിരത്തലധികം പേരെയാണ് ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുള്ളത്.
മുല്ലപ്പെരിയാര്‍ ഡാം ആവശ്യമെങ്കില്‍ കൂടുതൽ ഉയർത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ നേരിയ തോതിൽ മാത്രമേ വെള്ളം ഉയരൂവെന്നും മാറ്റി പാർപ്പിക്കേണ്ടവരെ മാറ്റി പാർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. 339 കുടുംബങ്ങളിലായി ആയിരത്തലധികം പേരെയാണ് ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി ഡാമിൽ നിലവിൽ ഭീഷണിയില്ലെങ്കിലും ജലനിരപ്പ് കൂടിയാല്‍ തുറക്കുമെന്നും മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ശേഷം റോഷി അഗസ്റ്റിന്‍ അറിയിച്ചു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു. എന്നിരുന്നാലും ജാഗ്രത വേണം , അലസത പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൃത്യതയോടെ അറിയിപ്പ് നൽകിയ ശേഷം മാത്രമേ ഇടുക്കി ഡാം തുറക്കൂവെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
ഇന്നു രാവിലെ 7.29 നാണ് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടർ തുറന്നത്. 3,4 ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് തുറന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ടു 139 അടിയിലേക്ക് അടുക്കുകയാണ്. 536 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുകുക.