വീടിന് മുന്നില്‍ നിന്ന യുവാവിനെ മര്‍ദിച്ചു; എസ്.ഐക്ക് സസ്പെന്‍ഷന്‍
കാരണമൊന്നും പറയാതെ പൊലീസ് മര്‍ദിക്കുകയും ശരീരമാസകലം ലാത്തികൊണ്ട് അടിക്കുകയുമായിരുന്നെന്നാണ് പരാതി.
തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്പെന്‍ഷന്‍. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ നടപടി. കാറിലെത്തിയ പോലീസ് സംഘം അകാരണമായി ലാത്തികൊണ്ട് മര്‍ദ്ദിച്ചെവെന്ന് കഴക്കൂട്ടം സ്വദേശി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
കഴക്കൂട്ടം രാമചന്ദ്രനഗര്‍ നന്ദനത്തില്‍ ഷിബുകുമാര്‍ യു.വി.യാണ് പരാതിയുമായി മുഖ്യമന്ത്രിയടക്കമുള്ളവരെ സമീപിച്ചത്. ഞായറാഴ്ച രാത്രി പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നു മടങ്ങവേ കാറിലെത്തിയ പൊലീസ് സംഘം ലാത്തി കൊണ്ടടിച്ചെന്നാണ് ഷിബുവിന്‍റെ പരാതി. കാരണമൊന്നും പറയാതെയായിരുന്നു മര്‍ദ്ദനം. ശരീരമാസകലം ലാത്തികൊണ്ട് അടിയേറ്റു.
കഴക്കൂട്ടം മേൽപാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കാറുണ്ട്. ഇക്കാര്യം അന്വേഷിക്കാനെത്തിയപ്പോള്‍ ചിലര്‍ ഓടിയെന്നും ബാക്കിയുള്ളവരെ അടിച്ചോടിച്ചെന്നുമാണ് പൊലീസ് ഇതിന് നല്‍കിയ വിശദീകരണം.
പൊലീസിന്‍റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന് സംഭവം അന്വേഷിച്ച സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍, സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തത്.