സിദ്ധാർഥന്റെ മരണം: പ്രതികളെ കാമ്പസിലെത്തിച്ചുള്ള തെളിവെടുപ്പ് ഉടൻ; കൂടുതൽ അറസ്റ്റിനും സാധ്യത

കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും

Update: 2024-03-03 01:13 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാർഥൻ്റെ മരണത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതോടെ തുടർനടപടികൾ ഊർജിതമാക്കി പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും ഉടനുണ്ടാകും. അതിനിടെ, കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയതായാണ് സൂചന.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പിടിയിലായതോടെ കേസന്വേഷണത്തിൻ്റെ ആദ്യ ഘട്ടം പൂർത്തിയാക്കായിരിക്കുകയാണ് പൊലീസ്. ആദ്യം പിടിയിലായ 6 പ്രതികളെ തിങ്കളാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡി.വൈ.എസ്.പി   ടി.എൻ.സജീവൻ്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കും. സിദ്ധാർഥനെ പീഡനത്തിനിരയാക്കിയ നാല് സ്ഥലങ്ങളിലും പ്രതികളെ തെളിവെടുപ്പിന് എത്തിക്കും.

ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക, റാഗിങ് നിരോധന നിയമാവകാരം കേസെടുത്ത പൊലീസ്, ആയുധമുപയോഗിച്ച് ആക്രമിക്കുക, അന്യായമായി തടഞ്ഞുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനായിരുന്നു അന്വേഷണ ചുമതല. വയനാട്ടിലെ അഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളും പിടിയിലാകുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News