സിദ്ധാർഥന്റെ മരണം: തുണി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും
തുണി പോസ്റ്റുമോർട്ടം സമയത്ത് ലഭ്യമാക്കിയില്ലെന്ന റിപ്പോർട്ടിലെ പരാമർശം വിവാദമായിരുന്നു
കൽപറ്റ: വയനാട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥൻ്റെ മൃതദേഹം തൂങ്ങിനിന്നിരുന്ന തുണി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. തൂങ്ങിയ നിലയിൽ കണ്ടെത്തിയ തുണി പോസ്റ്റുമോർട്ടം സമയത്ത് ലഭ്യമാക്കിയില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരാമർശം വിവാദമായിരുന്നു.
ഇതിനാൽ സെല്ലോ ഫൈൻ ടാപ്പ് ടെസ്റ്റ് എന്ന ശാസ്ത്രീയ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ പരിശോധന സിദ്ധാർഥന്റെ മരണം ഏതുവിധത്തിലാണ് സംഭവിച്ചത് എന്നതറിയുന്നതിൽ നിർണായകമാണ്.
ഈ തുണി തൊണ്ടിമുതലുകളുടെ കൂട്ടത്തിൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു പൊലീസ്. കോടതിയുടെ അനുമതിയോടുകൂടി മാത്രമേ ഇനി ശാസ്ത്രീയ പരിശോധന നടത്താനാകൂ. ഇതിനായുള്ള അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്.
അതിനിടെ, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രധാന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച ഇതിനായുള്ള അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതരുടെ വീഴ്ച പരിശോധിക്കാൻ സർവകലാശാല നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവരുടെ വീഴ്ചയാണ് വൈസ് ചാൻസിലർ നിയോഗിച്ച സമിതി പരിശോധിക്കുക.
കോളജ് ഡീൻ എം.കെ. നാരായണനെയും അസിസ്റ്റൻറ് വാർഡൻ ആർ. കാന്തനാഥനെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച വി.സിയുടെ നടപടി. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നാണ് സമിതി പരിശോധിക്കുക.