രാജ്യദ്രോഹ നിയമം മരവിപ്പിച്ചത് സ്വാഗതാർഹം, യു.എ.പി.എയും പുനപ്പരിശോധിക്കണം: സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്

'വെറും 24,000 രൂപയാണ് അദ്ദേഹത്തിന്‍റെ അക്കൌണ്ടിലുള്ളത്. കോടികളൊന്നുമില്ല. എന്നിട്ടാണ് ഇ.ഡി കേസ്'

Update: 2022-05-11 12:38 GMT
Advertising

കോഴിക്കോട്: രാജ്യദ്രോഹക്കേസ് മരവിപ്പിച്ച സുപ്രിംകോടതി നടപടി സ്വാഗതാർഹമെന്ന് സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്. യു.എ.പി.എ അടക്കമുള്ള വകുപ്പുകളും പുനപ്പരിശോധിക്കണമെന്നാണ് അഭ്യർഥന. തെറ്റൊന്നും ചെയ്യാതെയാണ് ഗുരുതര വകുപ്പുകൾ കാപ്പന് മേൽ ചുമത്തിയതെന്നും റൈഹാനത് പറഞ്ഞു.

"സിദ്ദിഖ് കാപ്പനെതിരായ ഒരു കേസ് രാജ്യദ്രോഹമാണ്. അതൊഴിവായി കിട്ടുകയാണല്ലോ. മുഴുവനായി സന്തോഷിക്കാന്‍ പറ്റില്ല. യു.എ.പി.എ കേസുണ്ട്. ഇ.ഡി കേസുണ്ട്. അതൊക്കെ നിലവിലുണ്ട്. സുപ്രിംകോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. യു.എ.പി.എ അടക്കമുള്ള വകുപ്പുകളിലും പുനപ്പരിശോധന വേണമെന്നാണ് അഭ്യര്‍ഥന. ഹാഥ്റസില്‍ പോയി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലാണ് ഇത്രയും കേസ്. വെറും 24,000 രൂപയാണ് അദ്ദേഹത്തിന്‍റെ അക്കൌണ്ടിലുള്ളത്. കോടികളൊന്നുമില്ല. എന്നിട്ടാണ് ഇ.ഡി കേസ്. മെയ് 13നാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ടു വര്‍ഷമായി പ്രതീക്ഷയിലാണ്"- റൈഹാനത് പറഞ്ഞു.

രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രിംകോടതി

രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രിംകോടതിയുടെ ചരിത്രവിധി. നിയമം പുനപ്പരിശോധിക്കുന്നത് വരെ നടപടികൾ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. പുതിയ എഫ്.ആര്‍ രജിസ്റ്റർ ചെയ്യരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണം. നിലവിൽ കേസ് ചുമത്തപ്പെട്ടിട്ടുള്ള ആളുകൾക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നുമാണ് കോടതിയുടെ നിർണായക ഉത്തരവ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121 എ എന്ന രാജ്യദ്രോഹ നിയമം സ്വതന്ത്ര ഇന്ത്യയിൽ ആവശ്യമാണോ എന്ന ചോദ്യം ഉന്നയിച്ചാണ് നിയമം താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ വിധി. വിഷയത്തിൽ കേന്ദ്രം സ്വീകരിച്ച ഇരട്ട നിലപാടും കോടതിയെ ഈ തീരുമാനത്തിലേക്കെത്തിച്ചു. നിയമം പുനപ്പരിശോധിക്കാൻ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിൽ അതുവരെ നടപടികൾ മരവിപ്പിക്കുകയാണെന്ന് കോടതി ഉത്തരവിട്ടു. രാജ്യദ്രോഹ നിയമ പ്രകാരം കേസുകൾ എടുക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാനാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.

കേസ് ചുമത്തപ്പെട്ട് ജയിലുകളിൽ കഴിയുന്ന ആളുകൾക്ക് ജാമ്യത്തിനായി അതത് കോടതികളെ സമീപിക്കാമെന്നും സുപ്രിംകോടതി നിർദേശിച്ചു. രാജ്യദ്രോഹ കേസുകൾ രജിസ്റ്റര്‍ ചെയ്യുന്നതിന് മുൻപ് എസ്.പി തലത്തിൽ ഉള്ള ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്ന നിർദേശം പുറപ്പെടുവിക്കാമെന്നായിരുന്നു കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചത്. നിലവിലുള്ള കേസുകളിലെ ജാമ്യാപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കാൻ നിർദേശിക്കാമെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. പതിമൂവായിരത്തിലധികം ആളുകൾ കേസുമായി ബന്ധപ്പെട്ട് ജയിലിലാണെന്ന് ഹരജിക്കാർ ഇന്നും കോടതിയെ അറിയിച്ചു. നിയമം പുനപ്പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും എപ്പോൾ അത് പൂർത്തിയാകുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പുനപ്പരിശോധന പൂർത്തിയാക്കി വിഷയം കോടതി വീണ്ടും പരിഗണിക്കുന്നത് വരെ ഇടക്കാല ഉത്തരവ് തുടരും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News