പീഡന പരാതി; സിദ്ദീഖിന് ലഭിച്ചത് ഇടക്കാല മുൻകൂർ ജാമ്യം

അന്വേഷണവുമായി സഹകരിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിക്കുന്ന സമയത്ത് ഹാജരാകണമെന്നും ഉപാധി

Update: 2024-09-30 13:58 GMT
Advertising

ന്യൂഡൽഹി: ലൈം​ഗികപീഡന പരാതിയിൽ നടൻ സിദ്ദീഖിന് സുപ്രിംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. സിദ്ദീഖിന്റെ ഹരജിയിൽ സുപ്രിംകോടതിയുടെ വിധി പകർപ്പ് പുറത്തുവന്നു. അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണം. ഉപാധികളോടെയാണ് ജാമ്യം അനുവ​ദിച്ചത്. കൂടുതൽ ഉപാധികൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.

അന്വേഷണവുമായി സഹകരിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിക്കുന്ന സമയത്ത് ഹാജരാകണമെന്നുമാണ് ഉപാധി. സുപ്രിംകോടതി സിദ്ദീഖിൻ്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു. പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിദ്ദീഖിനു വേണ്ടി ഹാജരായ അഭിഭാഷകനായ മുഗുൽ റോഹ്ത്തി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളും സുപ്രിംകോടതിയിൽ ഫയൽ ചെയ്തിരുന്നു‌. ലൈം​ഗികപീഡനപരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ സിദ്ദീഖ് ഒളിവിലാണ്.

തനിക്ക് 67 വയസായെന്നും അത് പരി​ഗണിച്ച് ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖ് കോടതിയിൽ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് നടൻ അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ അതിജീവത എതിർത്തു. അമ്മ സംഘടനയുടെ ശക്തനായ നേതാവാണ് സിദ്ദീഖ് എന്ന് അതിജീവിതയുടെ അഭിഭാഷക ഐശ്വര്യ ഭാട്ടി അറിയിച്ചു. പക്ഷെ പരാതി നൽകാൻ കാലതാമസം ഉണ്ടായെന്ന വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്.

അതേസമയം സംസ്ഥാന സർക്കാറിനെയും കോടതി വിമർശിച്ചു. എട്ടു വർ‌ഷമായി സർക്കാർ എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. എന്നാൽ റിപ്പോർട്ട് വന്ന സാഹചര്യമായതിനാലാണ് ഇപ്പോൾ പരാതി നൽകിയതെന്ന് സംസ്ഥാനം കോടതിയിൽ അറിയിച്ചു. കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിച്ചു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് നിരീ​ക്ഷിക്കുകയും ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. സർക്കാരോ പരാതിക്കാരോ അല്ലാത്തവർ ഇടപെടാൻ പറ്റില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി നടപടി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News