സിൽവർലൈൻ പദ്ധതിക്ക് തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്: കെ.എൻ ബാലഗോപാൽ
ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റിദ്ധാരണ പരത്തരുത്. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ . പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് ബാലഗോപാൽ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റിദ്ധാരണ പരത്തരുത്'. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ ബിജെപി നേതാക്കളെക്കാൾ വിശ്വാസം കോൺഗ്രസിനാണെന്നും വന്ദേ ഭാരത് പദ്ധതി പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടി ധനമന്ത്രി പരിഹസിച്ചു.
അതേസമയം, നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. ഇത് ഉയർത്തിക്കാണിച്ചാണ് ബിജെപിയും കോൺഗ്രസും പദ്ധതിക്കെതിരെ പ്രചരണം ശക്തമാക്കുന്നത്.
'സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്'. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.