സര്‍ക്കാരിന്‍റെ കാരണം കാണിക്കല്‍ നോട്ടീസിന് ഈ ആഴ്ച തന്നെ മറുപടി നൽകുമെന്ന് സിസ തോമസ്

വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിസി

Update: 2023-03-20 02:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഈ ആഴ്ച തന്നെ മറുപടി നൽകുമെന്ന് സാങ്കേതിക സർവകലാശാല താത്ക്കാലിക വിസി സിസ തോമസ്. വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിസി . അതേസമയം സിൻഡിക്കേറ്റ് തീരുമാനം സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ നിയമപരമായി നീങ്ങാനാണ് ഗവർണറുടെ തീരുമാനം .

ഈ മാസം 24നാണ് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന്‍റെ കാലാവധി അവസാനിക്കുന്നത്. പക്ഷേ 23ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കേസ് പരിഗണിക്കാനിരിക്കുന്നതിനാൽ അതിന് മുൻപായി സിസ മറുപടി നൽകും. ട്രൈബ്യൂണലിൽ ഉന്നയിച്ച അതേ വാദം കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി നൽകാനാണ് സിസാ തോമസിന്‍റെ തീരുമാനം. താൻ ചുമതലയേറ്റത് ചാൻസിലർ നൽകിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്. ചുമതല നൽകി ഉത്തരവിറക്കിയ ഗവർണർ ഉത്തരവിന്‍റെ പകർപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് അയച്ചിരുന്നു. വകുപ്പ് സെക്രട്ടറിയെയും മന്ത്രിയെയും നേരിട്ട് എത്തി വിവരം ധരിപ്പിക്കാൻ ശ്രമിച്ചതായും സിസാ തോമസ് മറുപടിയിൽ വ്യക്തമാക്കും. വിശദീകരണം ലഭിച്ച ഉടൻ അച്ചടക്ക നടപടിയിലേക്ക് കടക്കാൻ ആയിരുന്നു സർക്കാരിന്‍റെ നീക്കം. എന്നാൽ മറുപടിയിൻമേൽ തുടർനടപടികൾ പാടില്ല എന്ന ട്രൈബ്യൂണൽ വിധി അതിന് തിരിച്ചടിയായി. 23 ന് നടക്കുന്ന അടുത്ത ഹിയറിങ്ങിൽ സ്വീകരിക്കേണ്ട നയം സംബന്ധിച്ച ചർച്ചകൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്. അതേസമയം സിൻഡിക്കേറ്റ് തീരുമാനങ്ങൾ മരവിപ്പിച്ച ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് രാജ്ഭവന് ക്ഷീണം ഉണ്ടാക്കി.

സിൻഡിക്കേറ്റിന് ഔദ്യോഗികമായി കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് ഗവർണറുടെ തീരുമാനം. സിൻഡിക്കേറ്റിന്‍റെ അധ്യക്ഷ എന്ന നിലയ്ക്ക് വൈസ് ചാൻസലർക്കാകും നോട്ടീസ് നൽകുക. അത് വിസി സിൻഡിക്കേറ്റിൽ അവതരിപ്പിച്ച് അംഗങ്ങളോട് വിശദീകരണം തേടണം. ശേഷം തീരുമാനം വീണ്ടും നിയമപരമായി മരവിപ്പിക്കാം എന്നാണ് ഗവർണർ കണക്കുകൂട്ടുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News