'കോവിഡ്-നിപ പ്രതിരോധം കൂട്ടായ പ്രവര്‍ത്തനം, മാഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍': കെ.കെ ശൈലജയുടെ പുരസ്കാരം തടഞ്ഞതിനെ കുറിച്ച് യെച്ചൂരി

മാഗ്സസെ പുരസ്കാരം നിരസിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനമെന്ന് സീതാറാം യെച്ചൂരി

Update: 2022-09-04 09:22 GMT
Advertising

മാഗ്‍സസെ പുരസ്കാരം വാങ്ങുന്നതില്‍ നിന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ സി.പി.എം കേന്ദ്രനേതൃത്വം തടഞ്ഞതില്‍ വിശദീകരണവുമായി സീതാറാം യെച്ചൂരി. മാഗ്സസെ പുരസ്കാരം നിരസിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി പറഞ്ഞത്. വ്യക്തിപരമായ നേട്ടമല്ലാത്തതിനാലാണ് അവാർഡ് നിരസിച്ചത്. കോവിഡ് - നിപ പ്രതിരോധം ഇടത് സർക്കാരിന്റെ കൂട്ടായ പ്രവർത്തനമായിരുന്നു. രമൺ മാഗ്‌സസെയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അവാർഡ് നിരസിക്കാൻ കാരണമായെന്ന് യെച്ചൂരി വിശദീകരിച്ചു.

ഏഷ്യയിലെ നൊബേല്‍ സമ്മാനമെന്നാണ് മാഗ്‍സസെ പുരസ്കാരം അറിയപ്പെടുന്നത്. മുന്‍ ഫിലിപ്പിന്‍സ് പ്രസിഡന്‍റായ രമണ്‍ മാഗ്‍സസെയുടെ പേരിലുള്ള 64ആം പുരസ്കാരത്തിന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ആണ് അവാര്‍ഡ് ഫൌണ്ടേഷന്‍ പരിഗണിച്ചത്. നിപ, കോവിഡ് പ്രതിരോധങ്ങളില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തിയ ഇടപെടുകളാണ് അവാര്‍ഡിനായി പരിഗണിക്കാനുള്ള കാരണം. അവാര്‍ഡ് നല്‍കുന്നതിന്‍റെ ആദ്യ പടിയായി കെ.കെ ശൈലജയോട് ഓണ്‍ലൈന്‍ മുഖേന അവാര്‍ഡ് ഫൌണ്ടേഷന്‍ ബന്ധപ്പെട്ടിരുന്നു. അതിന് ശേഷമാണ് നിരവധി പ്രമുഖരുടെ പട്ടികയില്‍ നിന്ന് കെ.കെ ശൈലജയെ അവാര്‍ഡിനായി തീരുമാനിക്കുകയും ഇ മെയില്‍ മുഖേന അത് അറിയിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ കെ.കെ ശൈലജ സി.പി.എം കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു.

വിശദ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.കെ ശൈലജ അവാര്‍ഡ് വാങ്ങേണ്ടതില്ലെന്ന തീരുമാനമാണ് സി.പി.എം എടുത്തത്. മൂന്ന് കാരണങ്ങളാണ് അതിനായി പറയുന്നത്.

1. നിപ, കോവിഡ് പ്രതിരോധം ഒരാള്‍ മാത്രം നടത്തിയതല്ല. സര്‍ക്കാര്‍ സംവിധാനമാകെ ഇടപെട്ട് ചെയ്തതാണ്. അതുകൊണ്ട് വ്യക്തിപരമായ അവാര്‍ഡ് വാങ്ങേണ്ടതില്ല.

2. അവാര്‍ഡ് ഫൌണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ട്.

3. രമണ്‍ മാഗ്സസെ ഫിലിപ്പീന്‍സിലും വിയറ്റ്നാമിലും അടക്കം കമ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണ്. അതുകൊണ്ട് അവാര്‍ഡ് വാങ്ങേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. ഇതേ തുടര്‍ന്ന് അവാര്‍ഡ് വാങ്ങാനുള്ള ബുദ്ധിമുട്ട് കെ.കെ ശൈലജ അവാര്‍ഡ് ഫൌണ്ടേഷനെ അറിയിക്കുകയായിരുന്നു.

Full View
Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News