'സംഭവിച്ചതില്‍ കുറ്റബോധമില്ല'; നിരപരാധിത്വം തെളിയിക്കുമെന്ന് വി. ശിവന്‍കുട്ടി

മന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

Update: 2021-07-28 05:50 GMT
Advertising

നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വി ശിവന്‍കുട്ടി. നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കും. കോടതി ഭരണഘടനാപരമായ കാര്യങ്ങളാണ് പരിശോധിച്ചത്. വിധിയുടെ വിശദാംശം വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു. 

പ്രതിഷേധം രാഷ്ട്രീയ അവകാശ പോരാട്ടമായിരുന്നെന്നും സംഭവിച്ചതില്‍ കുറ്റബോധമില്ലെന്നും വി.ശിവന്‍കുട്ടി പ്രതികരിച്ചു. മന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ല. അത് സംബന്ധിച്ച് കോടതി ഒരു നിരീക്ഷണവും നടത്തിയിട്ടില്ല. ഇത് ഇന്ത്യാ രാജ്യത്ത് ആദ്യത്തെ വിധിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. 

നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യം തള്ളി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി. 'ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള പ്രിവിലേജുകളുടെ ചരിത്രത്തിലൂടെ ഞാൻ കടന്നു പോയി. പദവികളും വിശേഷാധികാരവും ഉത്തരവാദിത്വ നിർവഹണത്തിന് മാത്രമാണ്. ക്രിമിനൽ നിയമത്തിൽ നിന്ന് ഇളവു നൽകാനുള്ള ഗേറ്റ് വേയല്ല. അങ്ങനെയെങ്കിൽ അത് പൗരന്മാരോടുള്ള വഞ്ചനയാണ്. വകുപ്പ് 19(1)എ എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുന്നുണ്ട്. ആർട്ടിക്കിൾ 101 പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കകത്തും സ്വാതന്ത്ര്യം വകവച്ചു നൽകുന്നു. നരസിംഹറാവു വിധിയെ സർക്കാർ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. സഭയിൽ നടന്നത് പ്രതിഷേധമാണ് എന്ന് പറയാൻ ആകില്ല. ജനപ്രതിനിധികൾ ഭരണഘടനയുടെ രേഖകൾ മറികടന്നു. അവർക്ക് പരിരക്ഷ ലഭിക്കില്ല' - കോടതി വ്യക്തമാക്കി.

ശിവൻകുട്ടിക്ക് പുറമെ കെ.ടി ജലീൽ, ഇ.പി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ സദാശിവൻ, കെ. അജിത്ത് എന്നിവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News