ഇസ്രയേലിലേക്ക് പോയ ആറ് മലയാളികളെ കാണാതായി; ദുരൂഹതയെന്ന് വൈദികൻ
നാല് തിരുവനന്തപുരം സ്വദേശികളും രണ്ട് കൊല്ലം സ്വദേശികളുമാണ് കാണാതായത്
കൊച്ചി: ഇസ്രയേലിലേക്ക് പോയ ആറുപേരെ കാണാതായി. 27 അംഗ സംഘം യാത്ര പോയത് ഈ മാസം എട്ടാം തീയതിയാണ്. ഇസ്രയേൽ പൊലീസിനും കേരള പൊലീസിനും പരാതി നൽകി എന്ന് വൈദികൻ ജോർജ് ജോഷ്വാ മീഡിയ വണിനോട് പറഞ്ഞു. നാല് തിരുവനന്തപുരം സ്വദേശികളും രണ്ട് കൊല്ലം സ്വദേശികളുമാണ് ഇസ്രയേലിൽ വെച്ച് കാണാതായത്. കാണാതായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
മലയാളികളെ കാണാതാകുന്നതിൽ ദുരൂഹതയുണ്ട്. ഇസ്രയേലിൽ കാണാതായവരെ കണ്ടെത്തുക ഏറെ പ്രയാസമാണെന്ന് വൈദികൻ ജോർജ് ജോഷ്വാ പറഞ്ഞു. 2006 മുതൽ വിശുദ്ധനാട് സന്ദർശനം എന്ന നിലയിൽ ഇസ്രായേലിലേക്കും ജോർദാനിലേക്കും ഈജിപ്തിലേക്കും ആ വിശ്വാസികളെ കൊണ്ടുപോകുന്ന വൈദികനാണ് തിരുവനന്തപുരം സ്വദേശിയായ ജോർജ് ജോഷ്വ. കാണാതായവര്‍ക്ക് അവിടെനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് യാത്രാ സംഘത്തോടൊപ്പം ചേര്‍ന്നതെന്നും വൈദികന്‍ പറയുന്നു.
സർക്കാരിൻറെ കൃഷി പഠനവുമായി ബന്ധപ്പെട്ടുകൊണ്ട് ഇസ്രായേലിലേക്ക് പോയ സംഘത്തിലെ ഒരാൾ അവിടെ വച്ച് തന്നെ കാണാതയത് കഴിഞ്ഞദിവസമായിരുന്നു. ബിജു കുര്യന്‍ എന്ന കര്‍ഷകനെയായിരുന്നു കാണാതായത്. എന്നാല്‍ ഇയാളെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. വിസ റദ്ദാക്കാൻ നടപടി തുടങ്ങി. ഇസ്രായേലിൽ മുങ്ങിയത് ബോധപൂർവമാണ്.വിസ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ആളെ കണ്ടെത്തി തിരികെ എത്തിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.