അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം: തൃശൂരിൽ ആറ് വയസുകാരൻ വെട്ടേറ്റ് മരിച്ചു
കുട്ടിയുടെ അമ്മ ജസ്‍ലക്കും വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്
തൃശ്ശൂർ: തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ വെട്ടേറ്റ ആറു വയസുകാരൻ മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്‍ലാം ആണ് മരിച്ചത്. കുട്ടിയുടെ അമ്മ നജ്മക്കും വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.
മുപ്ലിയത്ത് വരമ്പരപ്പള്ളിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലെത്തുകയും പിന്നീട് ആയുധമുപയോഗിച്ച് സംഘർഷത്തിലെത്തുകയുമായിരുന്നു. നജ്മയുടെ സഹോദരനാണ് കൊലപാതകി. നജ്മയും ഭർത്താവും രണ്ട് മക്കളും അസമിലേക്ക് തിരിച്ചു പോകാനിരിക്കുകയായിരുന്നു. ഇതിനിടയിൽ സഹോദരനും വരുന്നുണ്ടെന്നറിയിച്ചതോടെ ഇയാളെയും ഇവർ വീട്ടിലേക്ക് കൂട്ടി.
എന്നാൽ പിറ്റേദിവസം രാവിലെയോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും നജ്മയ്ക്ക് വെട്ടേൽക്കുകയുമായിരുന്നു. അമ്മയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് നാജുറിന് വെട്ടേറ്റത്.ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
അക്രമിയെ നാട്ടുകാർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.