'അൽപം കൂടുന്നുണ്ട്, പാകത്തിന് മതി'; പി.എം.എ സലാമിന് മുന്നറിയിപ്പുമായി എസ്.കെ.എസ്.എസ്.എഫ്
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് പോലും ഇപ്പോൾ ആർക്കുമറിയില്ലെന്നായിരുന്നു പി.എം.എ സലാം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
കോഴിക്കോട്: സമസ്ത - ലീഗ് തർക്കത്തിൽ രൂക്ഷമായ പരാമർശങ്ങൾ നടത്തുന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ എസ്.കെ.എസ്.എസ്.എഫ്. 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' പത്രത്തിന് നൽകിയ അഭിമുഖത്തിൽ സലാം നടത്തിയ പരാമർശത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി രംഗത്തെത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് പോലും ഇപ്പോൾ ആർക്കുമറിയില്ലെന്നായിരുന്നു സലാമിന്റെ പരാമർശം.
റഷീദ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
എസ് കെ എസ് എസ് എഫിന് ആദരണീയരായ സാദിഖലി ശിഹാബ് തങ്ങൾ പതിനാല് വർഷം പ്രസിഡൻ്റ് സ്ഥാനം വഹിച്ചു. ശേഷം അബ്ബാസലി ശിഹാബ് തങ്ങൾ ഈ പ്രസ്ഥാനത്തെ നയിച്ചു. ഇപ്പോൾ ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്നു. മൂന്നു പേരും ഇപ്പോഴും ഞങ്ങൾക്ക് നേതാക്കൾ തന്നെയാണ്.
എസ് കെ എസ് എസ് എഫിൻ്റെ പ്രസിഡൻ്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിൻ്റെ മനോനില കൂടിയാണ് വെളിവാക്കുന്നത്. അല്പം കൂടുന്നുണ്ട്. പാകത്തിന് മതി. പാർടി സെക്രട്ടറി ആയാൽ മതി വഹാബി വാക്താവാകേണ്ട.