'നേരേ ചോവ്വേ ആയിരം വരെ എണ്ണാൻ പോലും അറിയാത്തയാളാണ് വിദ്യാഭ്യാസ മന്ത്രി'; വിമർശനവുമായി സത്താർ പന്തല്ലൂർ

'9,353 വിദ്യാർത്ഥികളാണ് വയനാട് ജില്ലയിൽ പരീക്ഷയെഴുതിയതെന്ന് കണക്കുകൾ പരിശോധിച്ചാൽ അറിയാം. വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് തൊള്ളായിരത്തി മുന്നൂറ്റി അൻപത്തിമൂന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയെന്നാണ്.'

Update: 2023-06-05 15:48 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത വിദ്യാര്‍ത്ഥി വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍. നേരേ ചൊവ്വേ ആയിരം വരെ എണ്ണാൻ പോലും അറിയാത്തയാളാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെന്ന് സത്താര്‍ വിമര്‍ശിച്ചു. മലബാറിലെ ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ചും ക്രൂരമായ വിവേചനം കാണിച്ചും മുന്നോട്ടുപോയാൽ വിദ്യാഭ്യാസ മന്ത്രിയെ ആ കസേരയിൽനിന്ന് എടുത്തുപുറത്തിടുന്നതു വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

'ഉപരിപഠനം നിഷേധിക്കുന്നതിനെതിരെ മലബാർ സമരം' എന്ന മുദ്രാവാക്യത്തിൽ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട്ട് സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു സത്താർ. 'കണക്കുകൾ പറഞ്ഞാൽ മനസിലാകുന്ന വിദ്യാഭ്യാസ മന്ത്രിയല്ല ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ ദിവസം മന്ത്രി എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഓരോ ജില്ലയിലെയും വിദ്യാർത്ഥികളുടെ എണ്ണം വായിച്ചപ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് വയനാട് ജില്ലയിലാണെന്ന് അദ്ദേഹം പറഞ്ഞു. 9,353 വിദ്യാർത്ഥികളാണ് വയനാട് ജില്ലയിൽ പരീക്ഷയെഴുതിയതെന്ന് കണക്കുകൾ പരിശോധിച്ചാൽ അറിയാം. പക്ഷെ, വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് തൊള്ളായിരത്തി മുന്നൂറ്റി അൻപത്തിമൂന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയെന്നാണ്.'-സത്താർ ചൂണ്ടിക്കാട്ടി.

''നേരേ ചൊവ്വേ ആയിരം വരെ എണ്ണാൻ പോലും അറിയാത്തയാളെ വിദ്യാഭ്യാസ മന്ത്രിയാക്കി വച്ചാൽ മലബാറിലെയും കേരളത്തിലെയും ജനങ്ങൾ അനുഭവിക്കുകയല്ലാതെ വഴിയില്ല. പക്ഷേ, ഈ രീതിയിൽ വൃത്തികെട്ട സമീപനം സ്വീകരിച്ച് ഈ നാട്ടിലെ ലക്ഷക്കണക്കിനു പുതിയ തലമുറയുടെ വിദ്യാഭ്യാസം നിഷേധിക്കാനും ക്രൂരമായ വിവേചനം കാണിക്കാനും മുന്നോട്ടുവന്നാൽ വിദ്യാഭ്യാസ മന്ത്രിയെ ആ കസേരയിൽനിന്ന് എടുത്തു പുറത്തിടുന്നതു വരെ ഈ സംഘടന ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.''

Full View

അന്ധമായ രാഷ്ട്രീയവിരോധമല്ല പറയുന്നത്. രാഷ്ട്രീയ പകപോക്കലല്ല. ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ കാര്യമല്ല പറയുന്നത്. മലബാറിൽ ജനിച്ചുവളർന്നവരുടെ ന്യായമായ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണ് സംസാരിക്കുന്നത്. 80,000ത്തോളം വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനു വേണ്ടി നിങ്ങൾ പറഞ്ഞ 30 ശതമാനം സീറ്റ് വർധിപ്പിച്ചാൽ ഏതെങ്കിലും ഹയർസെക്കൻഡറി സ്‌കൂളിൽ തിങ്ങിനിറഞ്ഞ് ഇരിക്കാൻ സാധിക്കുമെന്നല്ലാതെ, മെച്ചപ്പെട്ട നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാകില്ല. ഈ തലമുറയോട് ചെയ്യുന്ന ക്രൂരതയും വൃത്തികെട്ട സമീപനവും അവസാനിപ്പിച്ച്, കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ ചെയ്ത 150 പുതിയ ബാച്ചുകൾ അനുവദിക്കണം. തെക്കൻ കേരളത്തിലെ സീറ്റുകൾ പുനഃക്രമീകരിച്ച്, 120 ബാച്ചുകൾകൂടി മലബാറിലേക്ക് കൊണ്ടുവന്ന് ശാശ്വതമായ പരിഹാരം കണ്ടെത്തി മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാൻ മുന്നോട്ടുവരണമെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.

Summary: 'Kerala Education Minister doesn't even know how to count to 1000'; SKSSF leader Sathar panthaloor with harsh criticism to V Sivankutty

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News