സ്മാര്‍ട്ട് മീറ്റര്‍ നടപടികള്‍ നിര്‍ത്തിവെച്ചാലുള്ള നഷ്ടം കണക്കാക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം

സര്‍ക്കാര്‍ അറിയിച്ച ശേഷമേ ടെണ്ടറിന്മേലുള്ള തുടര്‍ നീക്കത്തിലേക്ക് വൈദ്യുത ബോര്‍ഡ് കടക്കൂ

Update: 2023-05-25 05:18 GMT
Advertising

തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതുവഴി ഉണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുത വകുപ്പിന്‍റെ നിര്‍ദേശം. സര്‍ക്കാര്‍ അറിയിച്ച ശേഷമേ ടെണ്ടറിന്മേലുള്ള തുടര്‍ നീക്കത്തിലേക്ക് ഇനി ബോര്‍ഡ് കടക്കൂ. സര്‍ക്കാര്‍ തീരുമാനം മറികടന്നാണ് ടെണ്ടര്‍ നടപടികളുമായി ബോര്‍ഡ് മുന്നോട്ട് പോയത് എന്നതിന്‍റെ രേഖകള്‍ പുറത്തുവന്നിരുന്നു.

ജൂണ്‍10ന് മുന്‍പ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ടെണ്ടര്‍ ഇവാലുവേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു ബോര്‍ഡ് മാനേജ്മെന്‍റ് ശ്രമം. പ്രീ ക്വാളിഫിക്കേഷന്‍ യോഗം കൂടി മറ്റ് നടപടികള്‍ക്ക് ശേഷം യോഗ്യത നേടിയ മൂന്ന് കമ്പനികളില്‍ ഒരാളെ സമയബന്ധിതമായി കണ്ടെത്തുക. യൂണിയനുകളുടെ എതിര്‍പ്പിനിടയിലും നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് വിചാരിച്ച മാനേജ്മെന്‍റിന് സര്‍ക്കാര്‍ അയച്ച കത്തിന്‍റെ പകര്‍പ്പ് പുറത്തായതോടെ വേറെ വഴിയില്ലാതായി.

സര്‍ക്കാര്‍ അറിയിപ്പ് കിട്ടിയ ശേഷമേ ഇനി മുന്നോട്ട് പോകൂ എന്നാണ് ബോര്‍ഡ് പ്രതിനിധിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നത് വൈകിയാല്‍ പോലും കേന്ദ്ര ഗ്രാന്‍ഡ് നഷ്ടപ്പെടുമോയെന്ന ആശങ്ക കെ.എസ്.ഇ.ബിക്കുണ്ട്. യൂണിയനുമായി നടന്ന ചര്‍ച്ചയിലും ബോര്‍ഡ് ഇക്കാര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ അധിക കടമെടുപ്പിനെ ബാധിക്കുമോ, വൈദ്യുതി വിതരണമേഖലയുടെ നവീകരണത്തിന് കിട്ടേണ്ട 60 ശതമാനം കേന്ദ്ര ഗ്രാന്‍ഡ് നഷ്ടപ്പെടുമോ എന്നീ കാര്യങ്ങളില്‍ സമഗ്ര പരിശോധന വേണമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണ്‍കുട്ടി അറിയിച്ചു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News