എസ്.എൻ ഓപൺ യൂനി. ആസ്ഥാനമന്ദിരത്തിന് വില്ലേജ് ഓഫിസറുടെ 'ഉടക്ക്'; സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിൽ

2020ലാണ് വിദൂര വിദ്യാഭ്യാസത്തിനുള്ള സമഗ്ര പദ്ധതികളുമായി സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു ഓപൺ സർവകലാശാല സ്ഥാപിക്കുന്നത്

Update: 2024-08-10 04:02 GMT
Editor : Shaheer | By : Web Desk

എസ്.എൻ ഓപൺ യൂനിവേഴ്‌സിറ്റിയുടെ താല്‍ക്കാലിക കെട്ടിടം

Advertising

തിരുവനന്തപുരം/കൊല്ലം: എസ്.എൻ ഓപൺ സർവകലാശാല ആസ്ഥാനമന്ദിരം നിർമാണം പ്രതിസന്ധിയിൽ. സർവകലാശാലയും വില്ലേജ് ഓഫിസറും തമ്മിലുള്ള തർക്കംമൂലം സ്ഥലമേറ്റെടുപ്പ് വൈകുകയാണ്. കണ്ടെത്തിയ ഭൂമിക്ക് വില്ലേജ് ഓഫിസർ നിശ്ചയിച്ചത് കുറഞ്ഞ വിലയാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഇതിന് ഉടമ തയാറാകാത്തതിനാൽ സ്ഥലമേറ്റെടുപ്പ് നീളുകയാണ്.

2020ലാണ് വിദൂര വിദ്യാഭ്യാസത്തിനുള്ള സമഗ്ര പദ്ധതികളുമായി സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു ഓപൺ സർവകലാശാല സ്ഥാപിക്കുന്നത്. എന്നാൽ, നാലു വർഷം പിന്നിട്ടിട്ടും സർവകലാശാലയ്ക്കു സ്വന്തമായി ആസ്ഥാന മന്ദിരമോ കെട്ടിടമോ ഭൂമിയോ ഒന്നുമില്ല. നിലവിൽ വാടകകെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ഓപൺ സർവകലാശാലാ ആസ്ഥാന മന്ദിരം നിർമാണത്തിനും ഭൂമിയേറ്റെടുപ്പിനുമായി ഇത്തവണ ബജറ്റിൽ 100 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് ഭൂമി കണ്ടെത്താനുള്ള നടപടികൾ സർവകലാശാല വേഗത്തിൽ തുടങ്ങുകയും ചെയ്തു. കൊല്ലത്ത് സർക്കാർ ഭൂമികളൊന്നും ഏറ്റെടുക്കാനില്ലാത്തതു കൊണ്ട് ജില്ലയിലെ മുണ്ടക്കൽ വില്ലേജിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കർ 25 സെന്റ് സ്ഥലം അനുയോജ്യമായ ഭൂമിയാണെന്നു കണ്ടെത്തിയിരുന്നു. തുടർനടപടികളുടെ ഭാഗമായി ഭൂമിയുടെ മൂല്യനിർണയം നടത്താനായി ജില്ലാ കലക്ടർ മുണ്ടക്കൽ വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി.

എന്നാൽ, ഭൂമി വാങ്ങാതിരിക്കാനായി വില്ലേജ് ഓഫിസർ ബോധപൂർവം ശ്രമിക്കുന്നുവെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ഇതേ പ്രദേശത്ത് ഏഴു മുതൽ പത്തു ലക്ഷം രൂപ വരെ സെന്റിനു വിലയുള്ളപ്പോൾ ഏറ്റെടുക്കാൻ ആലോചിക്കുന്ന ഭൂമിക്ക് 2.5 ലക്ഷം രൂപയുടെ മൂല്യമാണ് വില്ലേജ് ഓഫിസർ നിശ്ചയിച്ചിരിക്കുന്നത്. ഈ തുകയ്ക്കു ഭൂമി നൽകാനാകില്ലെന്ന് ഉടമ അറിയിച്ചിരിക്കുകയാണ്.

ഭൂമി വാങ്ങുന്നതു തടയാൻ ഉദ്യോഗസ്ഥൻ മനഃപൂർവം ശ്രമിക്കുന്നുവെന്നാണ് സർവകലാശാല ആരോപിക്കുന്നത്. സ്ഥാപിതതാൽപര്യത്തോടെയാണ് വില്ലേജ് ഓഫിസർ പ്രവർത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം എസ്.എൻ യൂനിവേഴ്‌സിറ്റി സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിച്ച് അഡ്വ. ബിജു കെ. മാത്യു ആരോപിച്ചു. പ്രമേയം ഐക്യകണ്മായി പാസാക്കിയിരുന്നു. വില്ലേജ് ഓഫിസർക്കെതിരെ നടപടി വേണമെന്നും ഭൂമി ഏറ്റെടുപ്പ് എത്രയും വേഗം യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

Full View

Summary: Construction of SN Open University headquarters stalled after dispute with village officer

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News