ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥി, പേര് നിർദേശിച്ച് കേന്ദ്ര നേതൃത്വം
ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷം
കല്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് ശോഭയുടെ പേര് നിർദേശിച്ചത്. സംസ്ഥാന നേതൃത്വവും ശോഭയുടെ പേരിനോട് എതിർപ്പ് കാണിച്ചില്ല. വയനാട്ടിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മറ്റ് അവകാശവാദങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ഉപതെരഞ്ഞെടുപ്പ് വരുന്ന പാലക്കാട് നിയോജക മണ്ഡലത്തിൽ ശോഭയെ പരിഗണിക്കേണ്ടെന്നായിരുന്നു ബിജെപിയുടെ തീരുമാനം. പകരം സി. കൃഷ്ണകുമാറിനെയാണ് സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചത്. ഇത് ശോഭയെ നേതൃത്വം തഴയുന്നുവെന്ന പരാതിക്ക് വഴിവെച്ചിരുന്നു. ഏത് മണ്ഡലത്തിൽ നിർത്തിയാലും വോട്ടുനില മെച്ചപ്പെടുത്താൻ കഴിയുന്ന നേതാവാണ് ശോഭയെന്ന് ഒരു വിഭാഗം നേതാക്കൾ വാദിച്ചിരുന്നു. എന്നാൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലും തുടർച്ചയായി മികച്ച പ്രകടനം നടത്തി നില മെച്ചപ്പെടുത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ തന്നെ മതിയെന്നാണയിരുന്നു ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളുടെ നിലപാട്.