കെ.സുരേന്ദ്രനെതിരെ ഒളിയമ്പുമായി ശോഭാ സുരേന്ദ്രന്‍

ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്

Update: 2021-10-09 05:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ശോഭാ സുരേന്ദ്രൻ. പൂജിക്കാത്തവരെ ഇല്ലാതാക്കുമെന്ന ഹിരണ്യകശ്യപുവിന്‍റെ ഭീഷണിയിലും പൊരുതിനിന്ന പ്രഹ്ലാദന്‍റെ നിലപാട് ഓർക്കുന്നത് നല്ലതെന്ന് ശോഭയുടെ ഫേസ്ബുക്ക് പോസ്റ്റ്. പദവികൾ പ്രലോഭിപ്പിച്ചിട്ടില്ല. ചുമതലകളില്ലാതെയും ജനസേവനം സാധ്യമാണെന്നും ശോഭയുടെ കുറിപ്പില്‍ പറയുന്നു. ദേശീയ നിർവാഹക സമിതിയിൽ ഒഴിവാക്കിയതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍റെ വിമർശനം.

ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News