പി. കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനവുമായി ലീഗ് അണികള്‍
കുഞ്ഞാലിക്കുട്ടി ഇനി മലപ്പുറം നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമോയെന്നും പരിഹാസം
മുസ്‍ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിക്ക് സമൂഹ മാധ്യമങ്ങളില്‍ ലീഗ് അണികളുടെ രൂക്ഷ വിമർശനം. ലീഗ് സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്കും ഭൂരിപക്ഷം കുറഞ്ഞതിനും കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന വിമര്‍ശനമാണ് ഫെയ്സ്‍ബുക്കിലും വാട്ട്സാപ്പിലും ഉയരുന്നത്. കെപിഎ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവർക്കും വിമർശനമുണ്ട്
മുമ്പൊരിക്കലും കാണാത്ത തരത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പേരെടുത്ത് പറഞ്ഞ് സാമൂഹികമാധ്യമങ്ങളില്‍ രോഷം പ്രകടിപ്പിക്കുകയാണ് അണികള്‍. അധികാരക്കൊതി മൂത്ത കുഞ്ഞാലിക്കുട്ടി ഇനി മലപ്പുറം നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമോയെന്ന് ചോദിച്ച് പരിഹസിക്കുന്നുണ്ട് പ്രവര്‍ത്തകര്‍. വേങ്ങരയില്‍ നിന്ന് രാജിവെച്ച് തമിഴ്നാട്ടില്‍ പോയി മത്സരിച്ചാല്‍ അവിടെ മന്ത്രിയാകാമെന്ന് ഉപദേശിക്കുന്ന അണികളുമുണ്ട്. അബ്ദുസമദ് സമദാനി അടക്കമുള്ള ലീഗ് നേതാക്കളുടെ ഭൂരിപക്ഷം കുറഞ്ഞതിന് ഒരേയൊരു കാരണം കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതിയാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിനടിയില്‍ കമന്‍റിടുന്നുണ്ട് പ്രവര്‍ത്തകര്‍.
എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് സഹീര്‍ കുഞ്ഞാലിക്കുട്ടിക്ക് പുറമേ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളേയും രൂക്ഷമായി കുറ്റപ്പെടുത്തുന്നു. തിരൂരങ്ങാടിയില്‍ നിന്ന് വിജയിച്ച കെപിഎ മജീദിനെതിരേയും അണികള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി രംഗത്ത് വന്നിട്ടുണ്ട്. ഒരുവിഭാഗം രൂക്ഷമായ എതിര്‍പ്പുയര്‍ത്തുമ്പോള്‍ പ്രതിരോധിക്കാന്‍ ആരും തന്നെ രംഗത്ത് വരുന്നില്ലായെന്നതും ശ്രദ്ധേയം.