സർക്കാർ തീരുമാനം ലംഘിച്ച് ആലപ്പുഴ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ്; സ്‌റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ
സർവകക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാൻ യന്ത്രങ്ങളുമായി സംഘം എത്തിയത്
ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ. സർവകക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാൻ യന്ത്രങ്ങളുമായി സംഘം എത്തിയത്. സർവകക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കൽ. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടില്ലെന്നും മണ്ണെടുപ്പുമായി മുന്നോട്ടു പോകുമെന്നും കരാറുകാരൻ പറഞ്ഞു.
നവംബർ 16-ന് മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് നീക്കം.
2008 മുതൽ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ എതിർത്തുവരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണു പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ കുന്നിടിച്ചു മണ്ണെടുക്കാൻ തുടങ്ങിയത്. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.
മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാർ പലതവണ വ്യക്തമാക്കിയിട്ടുമണ്ട്. മലകൾ ഇടിച്ചു നിരത്തിയാൽ നാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടർ ടാങ്ക് മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് തുടർന്നാൽ വാട്ടർ ടാങ്ക് തകരും. രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.