താമരശ്ശേരി രൂപതയുടെ കൈപുസ്തകം: സോളിഡാരിറ്റി പൊലീസില്‍ പരാതി നല്‍കി
ഖുര്‍ആനിലെ വചനങ്ങള്‍ക്ക് തെറ്റായ അര്‍ഥം നല്‍കിയും സാങ്കേതിക പദങ്ങളെ ദുര്‍വ്യാഖ്യാനിച്ചുമാണ് കൈപുസ്തകം തയാറാക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സ്ഥാപിക്കപെട്ട വിശ്വാസ പരിശീലന കേന്ദ്രം അപരവിദ്വേഷം പ്രചരിപ്പിക്കുകയാണ്.
കോഴിക്കോട്: മുസ്ലിം വിദ്വേഷം നിറഞ്ഞ കൈപുസ്തകം പുറത്തിറക്കിയ താമരശ്ശേരി രൂപതക്കെതിരെ സോളിഡാരിറ്റി പൊലീസില്‍ പരാതി നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം. ഷാഹുല്‍ ഹമീദാണ് താമരശ്ശേരി റൂറല്‍ ഡിവൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയത്. സാമുദായിക മൈത്രി തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ മുസ്ലിം മത ചിഹ്നങ്ങളെ അവഹേളിക്കുകയും ഇകഴ്ത്തിക്കാണിക്കുകയും ചെയ്ത താമരശ്ശേരി രൂപതക്ക് കീഴിലെ വിശ്വാസ പരിശീലന കേന്ദ്രത്തിനെതിരെ ഐ.പി.സി 153 A, 295 A വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപെട്ടു.
ഖുര്‍ആനിലെ വചനങ്ങള്‍ക്ക് തെറ്റായ അര്‍ഥം നല്‍കിയും സാങ്കേതിക പദങ്ങളെ ദുര്‍വ്യാഖ്യാനിച്ചുമാണ് കൈപുസ്തകം തയാറാക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സ്ഥാപിക്കപെട്ട വിശ്വാസ പരിശീലന കേന്ദ്രം അപരവിദ്വേഷം പ്രചരിപ്പിക്കുകയാണ്. കോടതി ഉള്‍പ്പടെയുള്ള മുഴുവന്‍ ഔദ്യോഗിക സംവിധാനങ്ങളും തള്ളിയ ലവ് ജിഹാദ് പോലുള്ള ആരോപണങ്ങള്‍ പുസ്തകത്തിലും ആവര്‍ത്തിക്കുക വഴി മുസ്ലിം വിദ്വേഷം പടര്‍ത്തലാണ് ലക്ഷ്യമെന്ന് തീര്‍ച്ചയാണെന്നും പരാതിയില്‍ ആരോപിച്ചു.