സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് നാളെ എറണാകുളത്ത് തുടക്കം
നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി ഉദ്ഘാടനം ചെയ്യും
കൊച്ചി: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് നാളെ എറണാകുളത്ത് തുടക്കമാകും. വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ സമ്മേളനം. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി ഉദ്ഘാടനം ചെയ്യും. ഞായാറാഴ്‍ച കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്ക്വയറിലാണ് ബഹുജന സമ്മേളനം നടക്കുക.
കലൂർ ഇന്‍റർനാഷനല്‍ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സമ്മേളന നഗരിയിൽ നാളെ രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡന്‍റ് ഡോ.നഹാസ് മാള പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന് ആരംഭം കുറിക്കുക. നാളെയും മറ്റന്നാളുമായി നടക്കുന്ന വിവിധ സെഷനുകളിൽ പതിനായിരത്തിലധികം യുവജനപ്രതിനിധികളാണ് പങ്കെടുക്കുക. ഫാഷിസ്റ്റ്കാല ഇന്ത്യയെ അഭിമുഖീകരിക്കാൻ ചെറുപ്പത്തെ സജ്ജമാക്കുക, ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ ശക്തിപ്പെടുത്തുക, രാജ്യത്തും സംസ്ഥാനത്തും വർധിച്ച് വരുന്ന ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനപിന്തുണയോടെ ഭരണകൂടത്തിൽ സമ്മർദം ചെലുത്തുക, യുവാക്കളുടെ കർമശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് വിവിധ സെഷനുകളിൽ ചർച്ചയാവുക.
ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ സെഷനുകളിലായി സംഘടനാ സംസ്ഥാന നേതാക്കളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ആക്ടിവിസ്റ്റുകളും പങ്കെടുക്കും. മറ്റന്നാൾ കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്ക്വയറിൽ യുവജന റാലിയോടെ ആരംഭിക്കുന്ന ബഹുജന പൊതുസമ്മേളനത്തിൽ 25000ളം പേർ പങ്കെടുക്കും. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായിരിക്കും.