പി. ജയരാജന്‍റെ ഐഎസ് പ്രസ്താവന; സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി

ഐഎസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച് മുമ്പ് നിരവധി തവണ ഔദ്യോഗികമായ വിവരങ്ങൾ പുറത്തുവന്നതാണ്. ഇതല്ലാത്ത വിവരങ്ങൾ ജയരാജന്റെ കൈവശമുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും സോളിഡാരിറ്റി

Update: 2024-09-17 16:33 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കോഴിക്കോട്: കേരളത്തിൽനിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന സിപിഎം മുതിർന്ന നേതാവ് പി. ജയരാജന്റെ പ്രസ്താവന സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്.

ഐഎസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച് മുമ്പ് നിരവധി തവണ ഔദ്യോഗികമായ വിവരങ്ങൾ പുറത്തുവന്നതാണ്. ഇതല്ലാത്ത വിവരങ്ങൾ ജയരാജന്റെ കൈവശമുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. 

ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തിൽ വിളവെടുക്കാൻ ഇറങ്ങിയ ജയരാജനും പാർട്ടിയും ചരിത്രത്തിൽനിന്നും അനുഭവത്തിൽനിന്നും ഒന്നും പഠിച്ചിട്ടില്ലെന്നതാണ് പ്രസ്താവന തെളിയിക്കുന്നത്. സംഘ്പരിവാറിലേക്ക് ഒഴുകുന്ന അണികളെ പിടിച്ചു നിർത്താൻ ഇത്തരം പൊടിക്കൈകൾ മതിയാവില്ലെന്ന് ഇടതുപക്ഷം മനസ്സിലാക്കണമെന്നും പ്രസ്താവനയിൽ സോളിഡാരിറ്റി വ്യക്തമാക്കി.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ സാലിഹ് ടി.പി, ശബീര്‍ കൊടുവള്ളി, ഫാരിസ് ഒ.കെ, ജുമൈല്‍ പി.പി, ഡോ നിഷാദ് കുന്നക്കാവ്, റഷാദ് വി.പി എന്നിവര്‍ സംസാരിച്ചു.

അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന പി. ജയരാജന്റെ ‘മുസ്‌ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്‌ലാമും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജയരാജന്റെ വിവാദ പരാമര്‍ശങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് തന്റെ പുസ്തകത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടാവുമെന്നും ഒരു പ്രദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ പറയുന്നുണ്ട്. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News