ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു: കർദിനാൾ ആലഞ്ചേരി
'പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നു'
കൊച്ചി: ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി.'പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നു.മാധ്യമ പ്രീതിയ്‌ക്കോ ജനപ്രീതിയ്‌ക്കോ വേണ്ടിയാകാം അന്യായ വിധികൾ.അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടിവിസമാകാം'.പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാമെന്നും ദുഃഖവെള്ളി സന്ദേശത്തിൽ ആലഞ്ചേരി പറഞ്ഞു.
ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാം. ഇത് പോലെ ഇന്നത്തെ ന്യായാധിപന്മാർക്ക് വിധികൾ എഴുതി നൽകുന്നെന്നും ആലഞ്ചേരി പറഞ്ഞു.
ഭൂമികുംഭകോണക്കേസിൽ തനിക്കെതിരായ വിധിയെ പരോക്ഷമായി വിമർശിച്ചായിരുന്നു കർദിനാളിന്റെ സന്ദേശം. സീറോമലബാർ സഭയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസിൽ നിന്ന് തന്നെ കേസിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആലഞ്ചേരി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രിംകോടതി ഈ ആവശ്യം തള്ളുകയും കേസ് നിലനിൽക്കുമെന്നും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് സഭയെയും ആലഞ്ചേരിയെയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നൽകിയത്. എന്നാൽ ഈ വിധിക്കെതിരെ കർദിനാൾ ആലഞ്ചേരി ഇതുവരെ പ്രതികരിച്ചിരുന്നില്ല.
യേശു ക്രിസ്തുവിൻറെ കുരിശുമരണത്തിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. തിരുവനന്തപുരത്ത് പാളയം പള്ളിക്ക് മുന്നിൽ സംയുക്ത കുരിശിന്റെ വഴി ആരംഭിച്ചു . മലയാറ്റൂരിലേക്ക് തീർത്ഥാടകരുടെ പ്രവാഹമാണ്.