വൈദികരുടെ പേരില്‍ ഫോണ്‍ ചെയ്ത് പെണ്‍കുട്ടികളോട് മോശമായി സംസാരം; മുന്നറിയിപ്പുമായി പാല രൂപത
വൈദികരുടെ പേരില്‍ ഫോണ്‍ ചെയ്ത് പെണ്‍കുട്ടികളോട് മോശമായി സംസാരിക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പാല രൂപത ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കെണിയില്‍പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പാലാ രൂപത. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വൈദികരുടെ വ്യാജ പേരുകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.
വൈദികരുടെ പേരില്‍ ഫോണ്‍ ചെയ്ത് പാല രൂപതയ്ക്ക് കീഴിലുള്ള പെണ്‍കുട്ടികളോട് മോശമായി സംസാരിക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പാല രൂപത ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സര്‍ക്കുലര്‍ എല്ലാ പള്ളികളിലും വായിക്കാനും വിശ്വാസികളുടെ വീടുകളില്‍ എത്തിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിദേശ രാജ്യത്തേക്ക് പോയ വൈദികനാണെന്ന് പറഞ്ഞാണ് ഫോണ്‍ വിളികള്‍. ജനപ്രതിനിധികളെ വിളിച്ച് റിസര്‍ച്ച് ആവശ്യത്തിനായി രൂപതയിലെ പെണ്‍കുട്ടികളുടെ നമ്പരുകള്‍ വാങ്ങിയാണ് തട്ടിപ്പ്. പള്ളിയുടെ പേരും വൈദികന്‍റെ പേരും കൃത്യമായി പറയുന്നതിനാല്‍ ജനപ്രതിനിധികള്‍ക്കും സംശയം തോന്നാറില്ല.
ശബ്ദ വ്യത്യാസത്തിനും കൃത്യമായ മറുപടിയും നല്‍കും. ഇങ്ങനെ പലര്‍ക്കും ഫോണ്‍ കോളുകള്‍ വരികയും മോശമായി സംസാരിക്കുകയും ചെയ്തതോടെയാണ് രൂപതയ്ക്ക് കീഴിലുള്ള പെണ്‍കുട്ടികള്‍ ജാഗ്രത പാലിക്കണമെന്ന് പാലാ രൂപത സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ രൂപത തയ്യാറായിട്ടില്ല.