സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദർശിച്ചിട്ടില്ലെന്നത് പച്ചക്കള്ളം; മുഖ്യമന്ത്രിക്ക് മറുപടിയുമായി സതീശൻ
രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിന് പിണറായിക്ക് എന്താണെന്നും സതീശൻ
തിരുവനന്തപുരം: സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദർശിച്ചില്ലെന്നത് പച്ച കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയാഗാന്ധി സാക്കിയ ജഫ്രിയെ സന്ദർശിച്ചിരുന്നെന്നും ഇക്കാര്യം മകന്‍ സ്ഥിരീകരിച്ചെന്നും സതീശൻ പറഞ്ഞു.
സാക്കിയയുടെ മകന്‍റെ പ്രതികരണം സതീശൻ വായിക്കുകയും ചെയ്തു. ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയാ ഗാന്ധി ഗുജറാത്തിലെത്തിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിന് പിണറായിക്ക് എന്താണെന്നും സതീശൻ ചോദിച്ചു. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി ടെമ്പ്ൾ ടൂർ നടത്തുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു സതീശൻ.
ബഫർസോൺ പത്തു കിലോമീറ്റർ ആക്കണമെന്ന് പറഞ്ഞത് കോൺഗ്രസ് സർക്കാർ അല്ല. അത് കോടിയേരിക്ക് പറ്റിയ തെറ്റാണ്. അതിനെ എതിർക്കുകയാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ ചെയ്തത് സുപ്രിംകോടതി ഇങ്ങോട്ടാണ് പത്തു കിലോമീറ്റർ ബഫർ സോൺ നിർദേശം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
'പയ്യന്നൂരിൽ ഗാന്ധി തല വെട്ടിമാറ്റിയത് എന്ത് കൊണ്ട് പറയുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രി കൂപ മണ്ഡൂകത്തെ പോലെയാണ്. സ്വപ്ന സുരേഷിനെ സർക്കാരിന് ഭയമാണ്. മടിയിൽ കനമില്ലെന്ന് ബോർഡ് എഴുതി വെച്ചാൽ പോരായെന്നും' സതീശൻ ചോദിച്ചു.