'ചെറുത്തുനിന്നു, വെടിയുതിര്‍ത്തതോടെ കടന്നുകളഞ്ഞു, പിന്നാലെ അറസ്റ്റ്'; സോനുകുമാറിന്‍റെ അറസ്റ്റ് സാഹസികമായി

സോനുകുമാറിനെ തിരഞ്ഞെത്തിയ പൊലീസ് സംഘത്തെ കൂട്ടാളികളോടൊത്ത് തടയാന്‍ ശ്രമിച്ചതായും പൊലീസ് വെടിയുതിര്‍ത്തതോടെ സംഘം ചിതറി ഓടി കടന്നുകളഞ്ഞതായും പൊലീസ്

Update: 2021-08-07 06:50 GMT
Editor : ijas
Advertising

കോതമംഗലം ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊന്ന രഖിലിന് തോക്ക് വില്‍പ്പന നടത്തിയ ബിഹാര്‍ സ്വദേശിയെ പൊലീസ് പിടികൂടിയത് സാഹസികമായി. ബിഹാര്‍-കേരള പൊലീസ് സംഘം സംയുക്തമായാണ് തോക്ക് കൈമാറിയ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയെ അറസ്റ്റ് ചെയ്തത്. രഖിലിന്‍റെ സുഹൃത്തില്‍ നിന്നാണ് തോക്ക് നല്‍കിയ സോനുകുമാറിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അറുപതിനായിരത്തിലേറെ വില വരുന്നതാണ് പിസ്റ്റളെന്ന് പൊലീസ് അറിയിച്ചു.

ബിഹാറില്‍ കള്ളത്തോക്ക് ലഭിക്കുമെന്ന് ഇതര സംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കിയ രഖില്‍ സുഹൃത്തിന്‍റെ കൂടെയാണ് ബിഹാറിലേക്ക് തിരിക്കുന്നത്. ബിഹാറില്‍ വെച്ച് ഊബര്‍ ടാക്സി ഡ്രൈവറായ ഒരാളെ പരിചയപ്പെട്ടതായും ഇയാളാണ് തോക്ക് വില്‍പ്പന നടത്തുന്ന സോനുവിലേക്ക് രഖിലിനെ എത്തിച്ചതെന്നും പൊലീസ് പറയുന്നു. പട്നയില്‍ നിന്നും ഊബര്‍ ടാക്സി ഡ്രൈവറുടെ സഹായത്തോടെ മുന്‍ഗര്‍ ജില്ലയില്‍ എത്തിയ രഖില്‍ ഖപ്ര താര ഗ്രാമത്തില്‍ നിന്നാണ് തോക്ക് കൈവശപ്പെടുത്തുന്നത്. 

സോനുകുമാറിനെ തിരഞ്ഞെത്തിയ പൊലീസ് സംഘത്തെ കൂട്ടാളികളോടൊത്ത് തടയാന്‍ ശ്രമിച്ചതായും പൊലീസ് വെടിയുതിര്‍ത്തതോടെ സംഘം ചിതറി ഓടി കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു. പിന്നീട് ഇന്നലെ രാവിലെയാണ് പൊലീസ് സോനുകുമാറിനെ അറസ്റ്റു ചെയ്യുന്നത്. അറസ്റ്റു ചെയ്ത സോനുകുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി. തുടർന്നു മജിസ്ട്രേട്ട് അശ്വിനി കുമാർ കോതമംഗലം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് അനുവദിച്ചിരുന്നു. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സോനു കുമാറുമായി നാളെയോ മറ്റന്നാളോ കോതമംഗലം പൊലീസ് കൊച്ചിയിലെത്തും.

രഖിലിനെ തോക്ക് വില്‍പ്പനക്കാരനായ സോനുകുമാറിലേക്കെത്തിച്ച ഊബര്‍ ഡ്രൈവറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒരു സംഘം പൊലീസുകാര്‍ മുന്‍ഗര്‍ ജില്ലയില്‍ ഇതിനായി തുടരുകയാണ്. 

ജൂലൈ 30നാണ് കേരളത്തെ നടുക്കിയ കൊലപാതകമുണ്ടായത്. കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്‍റല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ സ്വദേശിയെ രഖില്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രഖിലും സ്വയം ജീവനൊടുക്കി. മാനസ താമസിച്ച ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് രഖില്‍ വെടിയുതിര്‍ത്തത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News