എസ്‍പിസി യൂനിഫോം: സർക്കാർ നിലപാട് മുസ്‍ലിംകളുടെ ഭരണഘടനാവകാശത്തോടുള്ള വെല്ലുവിളി- എസ്‌ഐഒ

''മുസ്‍ലിംകളുടെ മതചിഹ്നങ്ങൾ മതേതരത്വത്തിന് വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മിന് നിലപാടുണ്ടോ എന്ന് പൊതുസമൂഹത്തിനു മുന്നിൽ വ്യക്തമാക്കണം''- എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇഎം ആവശ്യപ്പെട്ടു

Update: 2022-01-27 15:16 GMT
Editor : Shaheer | By : Web Desk
Advertising

സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് യൂനിഫോം കോഡിലെ സർക്കാർ നിലപാട് ഭരണഘടനാവകാശത്തെ വെല്ലുവിളിക്കുന്നതാണെന്ന് എസ്‌ഐഒ. വ്യത്യസ്ത മതവിഭാഗങ്ങളുടെ വസ്ത്രരീതികൾ അനുവദിച്ചാൽ രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വത്തിന് കോട്ടം സംഭവിക്കുമെന്ന സർക്കാർ നിലപാട് അപകടകരവും മുസ്‍ലിം വിഭാഗത്തിന് ഭരണഘടനാപരമായി ലഭ്യമാകേണ്ട വിശ്വാസാവകാശത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇഎം പറഞ്ഞു. എസ്‌ഐഒ സംസ്ഥാന സെക്രട്ടറിയേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന മതേതരത്വമാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്. മതചിഹ്നങ്ങൾ യൂനിഫോമിൽ ഉൾപ്പെടുത്തുന്നത് മതേതരത്വത്തിന് ഭീഷണിയാണെന്ന് പറയുന്ന കേരള സർക്കാർ നിലപാട് വൈവിധ്യങ്ങളെ ഉൾക്കൊള്ളാത്തതും സിപിഎമ്മിന്റെ മതവിരുദ്ധ കാഴ്ചപ്പാടുകൾ നടപ്പിൽവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‍ലിം ജനവിഭാഗം ഉപയോഗിക്കുന്ന മതചിഹ്നങ്ങൾ മതേതരത്വത്തിന് വിരുദ്ധമാണെന്ന് സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മിന് നിലപാടുണ്ടോ എന്ന് പൊതുസമൂഹത്തിനു മുന്നിൽ വ്യക്തമാക്കണം. എസ്‍പിസി കേഡറ്റായ കുറ്റ്യാടി ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ നഹാൻ യൂനിഫോം കോഡിൽ മഫ്തയും ഫുൾസ്ലീവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് നൽകിയ പരാതി തള്ളി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും അംജദ് അലി ആവശ്യപ്പെട്ടു.

എസ്‌ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറിമാരായ റഷാദ് വിപി, വാഹിദ് ചുള്ളിപ്പാറ, മുഹമ്മദ് സഈദ് ടികെ, അഡ്വ. അബ്ദുൽ വാഹിദ്, തഷ്രീഫ് കെപി തുടങ്ങിയർ സെക്രട്ടറിയേറ്റിൽ സംബന്ധിച്ചു.

Summary: Kerala State government's stand on SPC uniform is a challenge to constitutional rights of muslims, Says SIO state president Amjad Ali EM

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News