പ്രത്യേക സഭാ സമ്മേളനം ഇന്ന് മുതൽ; സി.പി.ഐ അതൃപ്തിക്കിടെ ലോകായുക്ത ബിൽ മറ്റന്നാൾ പരിഗണിക്കും

സർക്കാറിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം

Update: 2022-08-22 01:51 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആറാം സമ്മേളനത്തിന് ഇന്ന് തുടക്കം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക യോഗമാണ് ഇന്നുണ്ടാകുക. ഗവർണർ ഒപ്പിടാത്തതു മൂലം അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കുന്നതിലേക്ക് നാളെ മുതൽ സഭ കടക്കും. 11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ടതിലെ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് തീരുമാനിച്ചതിലും നേരത്തെ നിയമസഭ ചേരുന്നത്.

ഇന്ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനം മാത്രമാണുണ്ടാകുക. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കൾ എന്നിവർ സംസാരിക്കും. ഇന്ന് സഭ പിരിഞ്ഞതിന് ശേഷം യോഗം ചേരുന്ന കാര്യോപദേശക സമിതി നിയമനിർമ്മാണത്തിനുള്ള സമയക്രമത്തിൽ തീരുമാനമെടുക്കും. നാളെ മുതൽ ബില്ലുകൾ പരിഗണിക്കുന്നതിലേക്ക് സഭ കടക്കും.

ലോകായുക്താ ഭേദഗതി ബില്ല് മറ്റന്നാളാണ് സഭ പരിഗണിക്കുക. ലോകായുക്താ വിധിയിൽ പുനപ്പരിശോധനയ്ക്ക് വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ വിധി തള്ളിക്കളയാനും അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതിയിൽ എതിർപ്പുന്നയിച്ച സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ച പൂർത്തിയായാലെ അന്തിമ ധാരണയാകൂ.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്ത വിധി വരാനിരിക്കെയാണ് ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നതെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. സർവകലാശാല വി.സി നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലും സഭയുടെ പരിഗണനയ്ക്ക് വരും.

ഗവർണർ - സർക്കാർ പോര് ശക്തമാകുമ്പോഴാണ് ഗവർണറുടെ അധികാരം ദുർബലമാക്കുന്ന നിയമ ഭേദഗതിക്ക് സർക്കാർ കടക്കുന്നത്. കെ.ടി ജലീലിന്റെ കശ്മീർ വിവാദ പരാമർശവും രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. 10 ദിവസം നീണ്ട് നിൽക്കുന്ന സഭാ സമ്മേളനം സെപ്തംബർ രണ്ടിന് സമാപിക്കും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News