മതപഠന കേന്ദ്രത്തിലെ വിദ്യാർഥിയുടെ മരണം പ്രത്യേകസംഘം അന്വേഷിക്കും
നെയ്യാറ്റിൻകര എ.എസ്.പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ വിദ്യാർത്ഥിയുടെ മരണം പ്രത്യേകസംഘം അന്വേഷിക്കും.നെയ്യാറ്റിൻകര എ.എസ്.പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.മതപഠന കേന്ദ്രത്തിലെ അധ്യാപകരെ ഉൾപ്പടെ ചോദ്യം ചെയ്യും. ബീമാപള്ളി സ്വദേശി അസ്മിയ മോളെയാണ് ( 17)കഴിഞ്ഞദിവസം മതപഠന കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബീമാപള്ളി സ്വദേശിയും ബാലരാമപുരത്തെ അൽ അമീൻ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിയുമായ അസ്മിയാ മോളെ ശനിയാഴ്ച വൈകിട്ടാണ് ഹോസ്റ്റലിലെ ലൈബ്രറിയിൽ മരിച്ച നിലയിൽ കണ്ടത്. മരണകാരണം മതപഠനകേന്ദ്രത്തിലെ മാനസിക പീഡനമാണോയെന്ന് അന്വേഷിക്കണമെന്ന് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാനാണ് നെയ്യാറ്റിൻകര എ.എസ്.പിയുടെ നേതൃത്വത്തിൽ ബാലരാമപുരം, കാഞ്ഞിരംകുളം ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ തന്നെ മതപഠനകേന്ദ്രത്തിലെ മൂന്ന് ജീവനക്കാരുടെയും അസ്മിയാ മോളുടൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെയും മൊഴിയെടുത്തിരുന്നു. ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ചില കാര്യങ്ങളിൽ ശകാരിച്ചിട്ടുണ്ടെന്നുമാണ് ജീവനക്കാരുടെ മൊഴി. മതപഠനകേന്ദ്രത്തിൽ തുടരാൻ താൽപര്യമില്ലെന്ന് അസ്മിയ പറഞ്ഞിരുന്നതായി കൂട്ടുകാരികളും മൊഴി നൽകിയിട്ടുണ്ട്. മൊഴികൾ വിലയിരുത്തിയ ശേഷമാവും കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുക. മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡി.വൈ.എഫ്ഐയും ബി.ജെപി.യും ആവശ്യപ്പെട്ടിട്ടുണ്ട്.